പെരിന്തൽമണ്ണ: ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ വിൽപ്പനയ്ക്കായി കേരളത്തിലെത്തിക്കുന്ന സംഘത്തിലെ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി പാമ്പനാൽ ബാബു സെബാസ്റ്റ്യൻ (51), അങ്ങാടിപ്പുറം വലമ്പൂർ സ്വദേശി കൂരിമണ്ണിൽ സിദ്ദിഖ് (52) എന്നിവരെയാണ് 1.020 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്.
ആന്ധ്രയിൽ വിശാഖപട്ടണം, ധുനി എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ വച്ച് വാറ്റിയെടുത്തുണ്ടാക്കുന്ന ഹാഷിഷ് ഓയിൽ തമിഴ്‌നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേനയാണ് ആവശ്യക്കാർക്കെത്തിക്കുന്നത്. സംഘവുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രവർത്തിക്കുന്ന ഏജന്റുമാരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഗ്രാമിന് 5,000 മുതൽ 10,000 വരെ വിലവരുന്ന പാർട്ടി ഡ്രഗ് ഇനത്തിൽ പെട്ട ഹാഷ് എന്നറിയപ്പെടുന്ന മാരകശേഷിയുള്ള ഇനമാണ് പിടിച്ചെടുത്തത്.
വിശാഖപട്ടണത്ത് നിന്ന് കൊണ്ടുവരുന്ന ഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കി വിൽപ്പന നടത്താനായാണ് കേരളത്തിലെത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. സിദ്ദിഖും സെബാസ്റ്റ്യനും ആന്ധ്രയിൽ ജോലിചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണ്. ബാബു സെബാസ്റ്റ്യന്റെ പേരിൽ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുണ്ട്. വിചാരണ നടക്കുകയാണ്.
സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ശേഖരിച്ച് വരികയാണെന്ന് ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ അറിയിച്ചു.
ഇൻസ്‌പെക്ടർ സി.അലവി, എസ്.ഐ സി.കെ.നൗഷാദ്, ജൂനിയർ എസ്.ഐ. ശൈലേഷ്, എ.എസ്.ഐ. ബൈജു, ജില്ലാ ആന്റിനാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.