tttt

മലപ്പുറം: കാലവർഷം കനത്തതോടെ മലയോര പ്രദേശങ്ങളെല്ലാം കനത്ത ജാഗ്രതയിലിരിക്കുമ്പോഴും ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്തെ ആദിവാസി കോളനിയിലുള്ളവർ ഇതുവരെ ക്യാമ്പിലേക്ക് മാറാൻ തയ്യാറായിട്ടില്ല. സർക്കാർ‌‌ തങ്ങൾക്കുള്ള പുനരധിവാസം പൂർ‌ണ്ണമായും ഉറപ്പാക്കാതെ ക്യാമ്പിലേക്ക് മാറില്ലെന്നാണ് കോളനി നിവാസികൾ പറയുന്നത്. വില്ലേജ് ഓഫീസറും വാർഡ് മെമ്പറും താലൂക്കിൽ നിന്നുള്ള ഉദ്യോഗസ്ഥരുമെത്തി ഇവരെ ക്യാമ്പിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

2018 ആഗസ്റ്റ് 15ന് രാത്രിയിൽ ഓടക്കയത്തെ ആദിവാസി കോളനികളായ നെല്ലിയായിലും കുരീരിയിലുമുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേരുടെ ജീവൻ നഷ്ടമായിരുന്നു. തുടർന്ന് ഈന്തുംപാലി,​ കൊടുംമ്പുഴ, ചുണ്ടത്തുംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ അപക‌ട സാഹചര്യത്തിൽ കഴിയുന്നവർക്കും ഉരുൾപൊട്ടലിൽ ഇരകളായ മൂന്ന് പേരുടെ കുടുംബത്തിന് ഉൾപ്പെടെ 68 പേർക്കും പുനരധിവാസത്തിനുള്ള 10 ലക്ഷം രൂപ സർക്കാർ നൽകി. ആറ് ലക്ഷം രൂപ ഭൂമി വാങ്ങിക്കാനും നാല് ലക്ഷം രൂപ വീട് പണിയാനുമാണ്. അനുവദിച്ച തുക തികയാത്തതിനാൽ ഭൂരിപക്ഷം ആളുകളുടെയും വീട് പണി പാതിവഴിയിൽ നിലച്ച സ്ഥിതിയാണ്.

ഉരുൾപൊട്ടിയ പ്രദേശത്തുള്ളവർ പദ്ധതിയിലില്ല

ഉരുൾപൊട്ടിയ നെല്ലിയായിലെയും കുരീരിയിലെയും കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. അമ്പതോളം കുടുംബങ്ങളാണ് ഇപ്പോഴും അപകടാവസ്ഥയിൽ കഴിയുന്നത്. ഉരുൾപൊട്ടലിൽ വീട് ഇല്ലാതായ പ്രേമൻ, കൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവരുടെ കുടുംബത്തിന് വീട് പണിയാൻ പണം നൽകിയിരുന്നു. പ്രേമന് മാത്രമാണ് പണി പൂർത്തീകരിക്കാനായത്. സ്വാതന്ത്ര്യ ദിനത്തിൽ ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാല് വർഷം തികയുമ്പോഴും കാലവർഷത്തെ പേടിച്ച് ക്യാമ്പിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വീട് പണി പൂർത്തീകരിക്കാൻ ആവശ്യമായ തുക അനുവദിച്ച് പുനരധിവാസം ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പഞ്ചായത്ത് അധികൃതർ കോളനി സന്ദർശിച്ചില്ല

ഓടക്കയം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റ് വില്ലേജ് ഓഫീസറും താലൂക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. ഇവർക്ക് ഓടക്കയം സ്കൂളിൽ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ക്യാമ്പിലേക്കുള്ള സഹായമെല്ലാം താലൂക്ക് അധികൃതർ നൽകും. അടുത്ത ദിവസങ്ങളിലായി കോളനിയിലുള്ളവർ ക്യാമ്പുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാർഡ് മെമ്പർ പി.എസ് ജിനേഷ് പറഞ്ഞു.