
മലപ്പുറം: കുട്ടികളുടെ കൊവിഡ് പ്രതിരോധ വാക്സിനേഷനിൽ സംസ്ഥാന ശരാശരിക്കും പിന്നിലായിരുന്ന ജില്ല ഒന്നാം ഡോസിന്റെ കാര്യത്തിൽ ഈ കടമ്പ കടന്നു. 12 - 14 പ്രായക്കാരിൽ 74 ശതമാനം പേർ ഫസ്റ്റ് ഡോസെടുത്തു. 70 ശതമാനമാണ് സംസ്ഥാന ശരാശരി. ജില്ലയിൽ 1,59,652 പേർ ഈ പ്രായപരിധിയിലുണ്ട്. ഇന്നലെ വരെ 1,18,555 പേർ ഫസ്റ്റ് ഡോസെടുത്തു. ജൂലായ് പകുതിയിലെ 60 ശതമാനത്തിൽ നിന്നാണ് സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകളിലൂടെ വാക്സിനേഷന് വേഗം കൈവരിക്കാനായത്. എന്നാൽ സെക്കൻഡ് ഡോസിൽ മുന്നേറാനുണ്ട്. 36,519 പേരാണ് സെക്കൻഡ് ഡോസെടുത്തത്.
15 -17 പ്രായക്കാരിൽ 86 ശതമാനം പേർ ഫസ്റ്റ് ഡോസെടുത്തിട്ടുണ്ട്. സംസ്ഥാന ശരാശരി 85 ശതമാനമാണ്. ഈ പ്രായപരിധിയിൽ 2,25,081 പേരുള്ളതിൽ 1,94,667 പേർ ഫസ്റ്റ് ഡോസെടുത്തു. രണ്ടാം ഡോസിന്റെ കാര്യത്തിൽ പിന്നിലാണ്. 50 ശതമാനമാണ് രണ്ടാം ഡോസ്. 97,350 പേർ. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഊർജ്ജിത വാക്സിനേഷൻ തുടങ്ങിയത് ഗുണകരമായി. ഓരോ ദിവസവും വാക്സിനേഷനുള്ള സ്‌കൂളുകളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യവകുപ്പിന് കൈമാറുന്നുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ സ്‌കൂളുകൾക്ക് ലഭിച്ച അവധിയും കഴിഞ്ഞ ദിവസങ്ങളിലെ പൊതുഅവധികളും വാക്സിനേഷന്റെ വേഗം കുറച്ചിട്ടുണ്ട്. ഓണം അവധിക്ക് മുമ്പ് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകുകയെന്ന ലക്ഷ്യമാണ് ആരോഗ്യവകുപ്പിന്. പ്ലസ്‌വൺ ക്ലാസുകൾ ആരംഭിക്കുന്നതോടെ 15 -17 പ്രായപരിധിയിലുള്ളവരുടെ സെക്കൻഡ് ഡോസ് വാക്സിനേഷന് വേഗം കൂട്ടാനാവുമെന്നും കണക്കുകൂട്ടുന്നു.
പനിയാണ് കടമ്പ
വ്യാപകമായ വൈറൽ പനിയും കുട്ടികൾക്ക് രണ്ടാം ഡോസ് കൃത്യസമയത്ത് എടുക്കുന്നതിൽ രക്ഷിതാക്കളുടെ താത്പര്യക്കുറവും പുർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മുന്നിൽ വെല്ലുവിളിയാണ്. ജില്ലയിൽ നിലവിൽ ആവശ്യത്തിന് വാക്സിനുണ്ട്. 17,010 ഡോസ് കോർബി വാക്സിനും 11,920 ഡോസ് കോവാക്സും ജില്ലയിൽ സ്റ്റോക്കുണ്ട്.
കുട്ടികളുടെ വാക്സിനേഷനിൽ കാര്യമായ പുരോഗതിയുണ്ട്. വേഗത്തിൽ തന്നെ വാക്സിനേഷൻ പൂർത്തീകരിക്കാനാവും.ഡോ. പ്രവീണ, വാക്സിനേഷൻ കോ-ഓർഡിനേറ്റർ