
മലപ്പുറം: ഡീസൽ ക്ഷാമം പരിഹരിക്കുന്നത് നീണ്ടാൽ ജില്ലയിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസുകൾ അവസാനിപ്പിക്കേണ്ടിവരും. പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ ഡീസൽ സ്റ്റോക്ക് തീർന്നിട്ടുണ്ട്. ഇന്ന് കൂടി സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കാനാണ് ഡിപ്പോ അധികൃതർക്ക് ലഭിച്ച നിർദ്ദേശം. ജില്ലയിൽ ഇന്നലെ പത്തിലധികം സർവീസുകൾ റദ്ദാക്കി. കിലോമീറ്ററിന് 35 രൂപ ലഭിക്കാത്ത റൂട്ടുകളിൽ സർവീസ് അവസാനിപ്പിക്കാൻ നേരത്തെ തന്നെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഡീസൽ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഈ നിർദ്ദേശം ഡിപ്പോകൾ നടപ്പിലാക്കുന്നുണ്ട്. ഇതോടെ മഞ്ചേരി - തിരൂർ റൂട്ടിലെ സർവീസുകൾ പൂർണ്ണമായും റദ്ദാക്കി. നേരത്തെ ആറ് സർവീസുകൾ ഉണ്ടായിരുന്നത് കൊവിഡിൽ മൂന്നാക്കി ചുരുക്കിയിരുന്നു. ഇതാണ് ഇപ്പോൾ തീർത്തും അവസാനിപ്പിച്ചത്.
പൊന്നാനി ഡിപ്പോയിൽ ആകെയുള്ള 31 സർവീസുകളിൽ 27 എണ്ണം ഇന്നലെ ഉണ്ടായിരുന്നു. പൊന്നാനിയിൽ കഴിഞ്ഞ ദിവസം തന്നെ ഡീസൽ സ്റ്റോക്ക് തീർന്നിട്ടുണ്ട്. നിലമ്പൂരിലെ 25 സർവീസുകളിൽ 23 എണ്ണമേ പ്രവർത്തിച്ചുള്ളൂ. പെരിന്തൽമണ്ണ ഡിപ്പോയിലെ 28 സർവീസുകളിൽ 25 എണ്ണം ഇന്നലെ സർവീസ് നടത്തി. മലപ്പുറം ഡിപ്പോയിൽ നിന്ന് തിരൂരിലേക്കുള്ള മൂന്ന് സർവീസുകൾ ഒഴിവാക്കി. കോഴിക്കോട് - പാലക്കാട് റൂട്ടിലെ ബസുകളുടെ സർവീസിനെ ഡീസൽ ക്ഷാമം കാര്യമായി ബാധിച്ചിട്ടില്ല. ബസുകളുടെ കളക്‌ഷനിൽ നിന്ന് ഡീസലടിക്കാനാണ് ജീവനക്കാർക്ക് ലഭിച്ച നിർദ്ദേശം. ഡീസൽ ക്ഷാമം പരിഹരിക്കുന്നത് വൈകിയാൽ ദീർഘദൂര സർവീസുകൾ റദ്ദാക്കാതെ കളക്‌ഷൻ കുറവുള്ള ചെറിയ റൂട്ടുകളിൽ താത്കാലികമായി സർവീസ് അവസാനിപ്പിക്കാനാണ് ധാരണ.
ജില്ലയിൽ കൊവിഡിന് പിന്നാലെ റദ്ദാക്കിയ പല സർവീസുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മലപ്പുറം - പരപ്പനങ്ങാടി റൂട്ടിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ഇതുതന്നെ നേരത്തെ യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയിരുന്ന ബോണ്ട് സർവീസ് അവസാനിപ്പിച്ചതോടെ ബദലായി കൊണ്ടുവന്നതാണ്.
ഡീസൽ ക്ഷാമം മൂലം ഇന്നലെ ജില്ലയിൽ കാര്യമായി സർവീസുകൾ റദ്ദാക്കേണ്ടി വന്നിട്ടില്ല. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
മുഹമ്മദ് അബ്ദുൾ നാസർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ