f
പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് കീഴിലെ തൊണ്ടി വാഹനങ്ങൾ റയിൽവേ ലൈനിനും റോഡിനും ഇടയിൽ പൊളിച്ചു മാറ്റൽ പ്രവർത്തി നടക്കുന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത തൊണ്ടി വാഹനങ്ങൾ പൊളിച്ചു തുടങ്ങി. വാഹനാപകടത്തിൽ ആളുകൾ മരണപ്പെട്ട കേസുകളിൽപ്പെട്ടതും ഏറ്റെടുക്കാൻ ആളില്ലാതെ വന്നതുമായ ഇരുപതോളം വാഹനങ്ങളാണ് പൊളിച്ചു മാറ്റുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികൾക്ക് ലേലം ചെയ്താണ് വാഹനങ്ങൾ പൊളിച്ചു മാറ്റുന്നത്. ഇതോടെ സ്റ്റേഷൻ വളപ്പിലും റോഡരികിലുമായി കൊതുകു വളർത്തു കേന്ദ്രമായി മാറിയ ദ്രവിച്ചു തുടങ്ങിയ വാഹനക്കൂട്ടം ഇല്ലാതാകും. വരുംദിനങ്ങളിൽ കൂടുതൽ വാഹനങ്ങൾ ഇത്തരത്തിൽ പൊളിച്ചുമാറ്റുമെന്ന് പരപ്പനങ്ങാടി സി.ഐ ഹണി.കെ.ദാസ് പറഞ്ഞു. റോഡരികിലെ തൊണ്ടി വാഹനങ്ങൾ എടുത്തു മാറ്റണമെന്ന് മുറവിളി തുടങ്ങിയിട്ട് കാലമേറെയായി. വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതോടെ ഒരു പരിധി വരെയുള്ള കൊതുകു ശല്യവും ഇല്ലാതാകുമെന്ന് നാട്ടുകാർ പറയുന്നു.