malappuram

തിരുരങ്ങാടി: ദിനംപ്രതി രണ്ടായിരത്തിൽപരം രോഗികൾ ഒ.പിയിലെത്തുന്ന തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ ജലക്ഷാമം രൂക്ഷമായതോടെ പ്രവർത്തനം അവതാളത്തിൽ. കഴിഞ്ഞ ദിവസം മുതൽ കിടത്തി ചികിത്സയ്ക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രി വളപ്പിൽ രണ്ട് കിണർ ഉണ്ടെങ്കിലും ആവശ്യത്തിന് വെള്ളമില്ല. ഒരാഴ്ചയായി പണം നൽകി പുറത്തുനിന്ന് വെള്ളം വാങ്ങുന്ന സ്ഥിതിയാണ്. ഒരുദിവസം അറുപതിനായിരം ലിറ്ററിലധികം വെള്ളം ഇവിടേക്ക് ആവശ്യമാണ്. എന്നാൽ പുറത്ത് നിന്ന് 30,​000 ലിറ്റർ വെള്ളമാണ് വാങ്ങുന്നത്. താലൂക്ക് ആശുപത്രിയിലേക്കുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തുരുമ്പ് പിടിച്ചു നശിച്ചതിനാൽ ഒരു‌ മാസത്തോളമായി ജലവിതരണം മുടങ്ങിക്കിടക്കുകയാണ്. നിലവിൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും പുറത്തു നിന്നും കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് രോഗികളും കുട്ടിരിപ്പുകാരും.

ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് യൂണിറ്റ് എന്നിവടങ്ങളിലേക്കാണ് കുടുതലും വെള്ളം ആവശ്യം വരുന്നത്. വെള്ളമില്ലാത്തതിനാൽ അത്യാവശ്യ രോഗികളെ മാത്രമേ ഇവിടെ കിടത്തി ചികിത്സ അനുവദിക്കുന്നുള്ളൂ. അല്ലാത്തവരെ കോഴിക്കോട്,​ മഞ്ചേരി മെഡിക്കൽ കോളേജ്, മറ്റു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.

പുരാവസ്തു വകുപ്പിന്റെ കിണറിൽ നിന്ന് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈൻ പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്. ഈ കിണറിൽ നിന്നും പൊലീസ്‌ സ്റ്റേഷൻ, സബ് ട്രഷറി, പുരാവസ്തു വകുപ്പ്, നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് ആവശ്യമായ വെള്ളം എന്നിവയ്ക്ക് ഉപയോഗിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് കൂടിയുള്ള വെള്ളം തികയുമോയെന്ന ആശങ്ക ശക്തമാണ്. ഐ.സി.യു,​ കുട്ടികളുടെ ഐ.സി.യു,​ പ്രസവ തിയേറ്റർ, ലാബ്, ഡയാലിസിസ് സെന്റർ തുടങ്ങിയവ ഒട്ടേറെ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ നിത്യേന നിരവധി രോഗികൾ എത്തുന്നുണ്ട്. അമ്പതിലേ പ്രസവ കേസുകൾ തന്നെ നിലവിൽ അഡ്മിറ്റിലുണ്ടെന്ന് അധികൃതർ പറഞ്ഞു.

50 ലക്ഷം രൂപയുടെ ടെണ്ടർ ക്ഷണിക്കും

തിരുരങ്ങാടി: തിരുരങ്ങാടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെണ്ടർ ക്ഷണിക്കാൻ കെ.പി.എ മജീദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മലപ്പുറത്ത് വാട്ടർ അതോറിറ്റി പ്രൊജക്ട് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു.