manjeri
മഞ്ചേരി മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലേക്കുള്ള റോ‌ഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ.

മലപ്പുറം: റോഡുകളുടെ ശോചനീയാവസ്ഥ കാരണം മഞ്ചേരി നഗരത്തിനിപ്പോൾ അൽപ്പം മൊഞ്ച് കുറവാണ്. കുഴികൾ നിറഞ്ഞതും പൊട്ടിപൊളിഞ്ഞതുമായ തിരക്കേറിയ റോഡ് കടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴേക്കും നടുവൊടിയും. നെല്ലിപ്പറമ്പ് മുതൽ മഞ്ചേരി മെഡിക്കൽ കോളേജ് വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ കുഴികളുള്ളത്. നിത്യ യാത്രക്കാർക്ക് പോലും മനസിലാകാത്ത വിധം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

രാവിലെയും വൈകീട്ടും വളരെയധികം തിരക്കനുഭവപ്പെടുന്ന നഗരമാണ് മഞ്ചേരി. നഗരത്തിലെ സ്കൂളുകളിലേക്കുള്ള വാഹനങ്ങളും മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കാരും മലപ്പുറം-പാലക്കാട് റൂട്ടിൽ പോവേണ്ടവരും കടന്നു പോകുന്ന പ്രധാന റോഡാണിത്. ഒരുവർഷമായി പൊട്ടിപൊളിഞ്ഞ് കിടന്നിട്ടും റോഡ് പണി ആരംഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങളിൽ നിന്ന് കര കയറാൻ അധികാരികൾക്കായിട്ടില്ല. റോ‌ഡിൽ കുഴികൾ രൂപപ്പെട്ടത് മുതൽ റോഡ് നന്നാക്കണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ അശാസ്ത്രീയതയും, ‌ഡ്രൈനേജ് നിർമ്മിക്കുന്നതിനെടുത്ത കാലതാമസവുമാണ് മഞ്ചേരി നഗരത്തെ കൂടുതൽ ദുരിതത്തിലാക്കിയത്.

എത്ര നാൾ കാത്തിരിക്കണം ?

മഞ്ചേരി-നെല്ലിപ്പറമ്പ് റോഡ് വീതി കൂട്ടിയപ്പോൾ വാട്ടർ അതോറിറ്റി വർഷങ്ങൾക്ക് മുമ്പിട്ട പൈപ്പ് റോഡിന് നടുവിലൂടെയായി. പൈപ്പുകളുടെ അറ്റകുറ്റ പണികൾക്കായി റോഡ് കീറുകയും പണി കഴിഞ്ഞപ്പോൾ കുഴികൾ താത്ക്കാലികമായി അടയ്ക്കുകയും ചെയ്തിരുന്നു. ശക്തിയായ മഴയിൽ അടച്ച കുഴികളെല്ലാം വലിയ കുഴികളായി വീണ്ടും രൂപാന്തരപ്പെട്ടു. ഡ്രൈനേജ് നിർമാണം ആരംഭിക്കാനെടുത്ത കാലതാമസം കാരണം റോഡ് യാഥാർത്ഥ്യമാവണമെങ്കിൽ ഇനിയും മാസങ്ങളോളം കാത്തിരിക്കണം. ഡ്രൈനേജ് നിർമ്മാണത്തിനിടെ കരിമ്പാറ കണ്ടെത്തിയതാണ് വൈകാൻ കാരണം. എന്നാൽ ഇത് വേഗത്തിൽ നീക്കാനുള്ള നടപടി സർക്കാർ കൈക്കൊണ്ടിരുന്നില്ല.

ദുരിതം പേറി രോഗികളും

മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി എത്തണമെങ്കിലും ഈ പൊട്ടിപൊളിഞ്ഞ റോഡ് തന്നെയാണ് മാർഗം. ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ട് മറ്റു വാഹനങ്ങൾക്ക് പെട്ടന്ന് മാറികൊടുക്കാനും കുഴികൾ കാരണം സാധിക്കില്ല. തിരക്കേറിയ സമയത്താവുമ്പോൾ മഞ്ചേരിയിൽ ബ്ലോക്ക് അനുഭവപ്പെടുന്നതും സർവ സാധാരണയാണ്. കുഴികളും ബ്ലോക്കും അതിജീവിച്ച് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് എത്തുമ്പോഴേക്കും രോഗിയുടെ ജീവൻ വരെ അപകടത്തിലായേക്കാം.

താലൂക്ക് ആശുപത്രി വികസനവും മുടങ്ങി

റോഡ് വീതിയില്ലാത്തതിനാലും ശോചനീയാവസ്ഥ കൊണ്ടും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ വികസനം മുടങ്ങിയ സ്ഥിതിയാണ്. കിഫ്ബിയിൽ നിന്നും ആശുപത്രിയുടെ വികസനത്തിനായി 33 കോടി രൂപ അനുവദിച്ചിരുന്നു. റോഡിലെ പ്രശ്നം പരിഹാരിക്കാതെ ആശുപത്രി നവീകരണത്തിനുള്ള ഫണ്ട് ലഭിക്കില്ല. വീതികൂട്ടാൻ സമീപത്തെ മുഴുവൻ വീട്ടുകാർക്കും സമ്മതവുമാണ്. ഇതിനായി സ്ഥലമേറ്റെടുക്കാനോ കുഴികളടക്കാനോ ഇതുവരെ അധികാരികൾ തയ്യാറായിട്ടില്ല. ആശുപത്രിയിലെത്തുന്നവർക്ക് പുറമേ ആയിരക്കണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡുമാണിത്.