 
തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു മോഷണം. പാണമ്പ്ര വടക്കേത്തൊടി സുബ്രഹ്മണ്യ ക്ഷേത്രത്തിലും ചൊവ്വയിൽ ക്ഷേത്രത്തിലുമാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്. വടക്കേത്തൊടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന 12,500 രൂപയും ഭണ്ഡാരങ്ങളിലുണ്ടായിരുന്ന 4000ത്തോളം രൂപയും മോഷ്ടിക്കപ്പെട്ടു. പുലർച്ചെ നടത്തുറക്കാനെത്തിയ പൂജാരിയാണ് മോഷണം നടന്നത് ആദ്യം അറിഞ്ഞത്. വിവരം നൽകിയതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസെത്തി പരിശോധനകൾ പൂർത്തിയാക്കി. ഉച്ചയോടെ മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്ത് സൂക്ഷിച്ചിരുന്ന തേങ്ങ പൊതിക്കുന്ന പാര ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ മോഷ്ടാവ് കുത്തിത്തുറന്നത്. ഓഫീസിന്റെ പണം സ്വീകരിക്കുന്ന കിളിവാതിൽ തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത ശേഷം പ്രധാന വാതിലുകൾ തുറന്ന് പണം കവരുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന അലമാറ കുത്തിതുറന്നാണ് മോഷണം നടത്തിയത്. താക്കോൽ ഉപയോഗിച്ചാണ് ഒരു ഭണ്ഡാരം മോഷ്ടാവ് തുറന്നത്. ചൊവ്വയിൽ ശിവക്ഷേത്രത്തിലെ ഭണ്ഡാരങൾ തകർത്ത് തുക കവർന്നു. ഭണ്ഡാരങ്ങൾ കുത്തി തുറന്ന് ദൂരെ ഉപേക്ഷിച്ച നിലയിലായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുമ്പ് ക്ഷേതത്തിൽ കവർച്ച നടത്തിയ ആൾ തന്നെയാണ് എന്ന നിഗമനത്തിലാണ് പൊലീസ് . തിങ്കളാഴ്ച പുലർച്ചെയാണ് കളവ് നടത്തിയതെന്ന് സി.സി. ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. വടക്കേതൊടി ക്ഷേത്രത്തിന് സമീപമുള്ള ഒരു സ്വകാര്യ ക്ഷേത്രത്തിലും ഭണ്ഡാരം കവർച്ചെ ചെയ്തിട്ടുണ്ട്.