 
മലപ്പുറം :ഐ.എസ്.ആർ.ഒയുടെ ആസാദി സാറ്റ് ഉപഗ്രഹത്തിന്റെ രൂപകല്പനയിൽ പങ്കാളികളായ മങ്കട ചേരിയം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും ജില്ലാ പഞ്ചായത്ത് ആദരിച്ചു. സ്വാതന്ത്രത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളെ ആസാദി സാറ്റ് ഉപഗ്രഹ രൂപകൽപനയിൽ പങ്കാളികളാക്കി ശാസ്ത്ര അഭിരുചി വളർത്തുന്നതിനായി ഐ.എസ്.ആർ.ഒ തയ്യാറാക്കിയ പ്രത്യേക പദ്ധതിയിലാണ് മങ്കട ചേരിയം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 10 വിദ്യാർത്ഥിനികൾക്ക് പങ്കാളികളാവാൻ കഴിഞ്ഞത്. ആസാദി സാറ്റലൈറ്റിന്റെ നിർമ്മാണത്തിൽ കേരളത്തിൽനിന്ന് അവസരം കിട്ടിയ ഏക വിദ്യാലയമാണ് ചേരിയം സ്‌കൂൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നസീബ അസീസ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ സറീന ഹസീബ്, അംഗങ്ങളായ അഡ്വ : മനാഫ്, പി.കെ.സി അബ്ദുറഹിമാൻ, സലീന എന്നിവർ പങ്കെടുത്തു.