vartha
ആഗസ്റ്റ് എഴിന് പ്രസിദ്ധീകരിച്ച വാർത്ത

മലപ്പുറം: നേരിട്ട് നടത്തുന്ന 11 ബി.എഡ് സെന്ററുകളിലേക്കുള്ള അഡ്മിഷൻ നിഷേധിച്ച നടപടി പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല. വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഇവിടങ്ങളിലേക്ക് അപേക്ഷിക്കാം.

ബി.എഡ് സെന്ററുകൾക്ക് അനുമതിയില്ല, വിദ്യാർത്ഥികൾ വലയുമെന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിൻഡിക്കേറ്റ് യോഗത്തിൽ വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടായത്. നഷ്ടമാവുമെന്ന് ആശങ്കപ്പെട്ടിരുന്ന 605 സീറ്റുകളാണ് ഇതോടെ തിരിച്ചു ലഭിക്കുന്നത്.

നേരിട്ട് നടത്തുന്ന 11 ബി.എഡ് സെന്ററുകൾക്ക് എൻ.സി.ടി.ഇ (നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ) അനുമതി റദ്ദാക്കിയിരുന്നു. എന്നാൽ എൻ.സി.ടി.ഇ ഇതു സംബന്ധിച്ച് പ്രത്യേക സന്ദർശനമോ പരിശോധനയോ നടത്തിയിട്ടില്ലെന്നും ഈ അക്കാദമിക വർഷം അഡ്മിഷൻ നടത്താമെന്നും യൂണിവേഴ്സിറ്റി രജിസ്ട്രാർ സതീശൻ കേരളകൗമുദിയോട് പറഞ്ഞു. 2014-15 മുതൽ തന്നെ സെന്ററുകൾക്കുള്ള അനുമതി എൻ.സി.ടി.ഇ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയാണ് ക്ലാസുകൾ നടത്തിയിരുന്നത്. നിലവിൽ ഓൺലൈൻ അപേക്ഷയിൽ സെന്ററുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എൻ.സി.ടി.ഇയുടെ തുടർനടപടി എന്തെന്ന കാര്യത്തിൽ വ്യക്തതയില്ല.

അപേക്ഷയിൽ സെന്ററുകൾ ഉൾപ്പെടുത്താം

പുതിയതായി അപേക്ഷ സമർപ്പിക്കാനിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷ നൽകിയവർക്കും നേരിട്ട് നടത്തുന്ന സെന്ററുകൾ അപേക്ഷയിൽ ഉൾപ്പെടുത്താം. ഇതടക്കം പരിഗണിച്ചാവും അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.

അടുത്ത വ‌ർഷം പൂട്ട് വീഴുമോ ?

എൻ.സി.ടി.ഇ പരിശോധന നടക്കാത്തതിനാൽ ഇത്തവണ സെന്ററുകളിലേക്ക് അഡ്മിഷൻ നടത്താമെന്ന ആത്മവിശ്വാസത്തിലാണ് സർ‌വകലാശാല. എന്നാൽ അടുത്ത വർ‌ഷത്തോടെ പൂർണമായും അനുമതി നിഷേധിച്ചേക്കാം. ഇവ ഇല്ലാതാവുന്നതോടെ 35,000 രൂപ ഫീസിൽ പഠിക്കാവുന്ന 605 സീറ്റുകൾ നഷ്ടപ്പെടും. സ്വാശ്രയ സ്ഥാപനങ്ങളിൽ 65,000 വരെ ഫീസ് നൽകണം. സ്വാശ്രയ ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് സിൻഡിക്കേറ്റ് മെമ്പർ ഡോ.റഷീദ് അഹമ്മദ് ഉന്നയിക്കുന്നത്. യൂണിവേഴ്സിറ്റി അഡ്മിഷൻ നടത്തിയാലും നിയമപരമായി ക്ലാസുകൾ നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.