
മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ 16 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 'ഹിന്ദുസ്ഥാൻ ഹമാരാ ഹെ ' എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടത്തും. രാവിലെ പ്രാദേശിക യൂണിറ്റുകളുടെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തും. തുടർന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ വീടുകളിലേക്കും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലങ്ങളിലേക്കും സ്വാതന്ത്ര്യ സമര രക്തസാക്ഷി സ്മരണാ സന്ദർശനം നടത്തും. ഓരോ പഞ്ചായത്തുകളിൽ നിന്നും 75 വീതം പ്രവർത്തകരും മുനിസിപ്പാലിറ്റികളിൽ നിന്ന് 75 വീതമുള്ള രണ്ട് ബാച്ച് പ്രവർത്തകരും ദേശീയ പതാകയയേന്തി സ്മൃതി സഞ്ചാരം നടത്തും. തുടർന്ന് വിചാര സദസ്സിൽ 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക നാം' എന്ന സന്ദേശവുമായി സ്വാതന്ത്ര്യ ദിന പ്രഭാഷണം നിർവഹിക്കും.
പൂക്കോട്ടൂരിലും വേങ്ങരയിലും പി.കെ.കുഞ്ഞാലിക്കുട്ടി, തിരൂരിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി, കുറ്റിപ്പുറത്ത് എം.പി.അബ്ദുസ്സമദ് സമദാനി എം.പി, എടക്കരയിൽ പി.വി.അബ്ദുൽ വഹാബ് എം.പി എന്നിവർ ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടിയിൽ കെ.പി.എ മജീദ് എം.എൽ.എ, പൊന്നാനിയിൽ അബ്ദുറഹ്മാൻ രണ്ടത്താണി, വണ്ടൂരിൽ സി.പി.ചെറിയ മുഹമ്മദ്, ചമ്രവട്ടത്ത് അഡ്വ. ഷംസുദ്ദീൻ എം.എൽ.എ, മഞ്ചേരി കാരക്കുന്ന് ജംഗ്ഷനിൽ അഡ്വ. യു.എ.ലത്തീഫ് എം.എൽ.എ, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ, മങ്കട അങ്ങാടിപ്പുറത്ത് മഞ്ഞളാംകുഴി അലി എം.എൽ.എ, വള്ളിക്കുന്ന് ചേളാരിയിൽ പി.അബ്ദുൽഹമീദ് എം.എൽ.എ, ഏറനാട് കാവനൂരിൽ പി.കെ.ബഷീർ എം.എൽ.എ, കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹിം എം.എൽ.എ, താനൂരിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ എന്നിവർ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.