 
മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സുബ്രതോ കപ്പ് ഫൈനലിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എറണാകുളം ദേശീയ സുബ്രതോ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. ജി.എച്ച്.എസ്.എസ് പനമ്പള്ളിയാണ് എറണാകുളത്തിനായി ബൂട്ടണിഞ്ഞത്. സാറ മേരി തോമസ്, അലീഷ ഹനാൻ എന്നിവർ എറണാകുളത്തിന് വേണ്ടി ഗോളുകൾ നേടി. സാറ ആദ്യ പകുതിയിലും അലീഷ രണ്ടാം പകുതിയിലുമായിരുന്നു ഗോൾവല കുലുക്കിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിനി എം.നജ്മുന്നീസയാണ് എറണാകുളത്തിന്റെ കോച്ച്. ഡൽഹിയിൽ വച്ചാണ് ദേശീയ സുബ്രതോ കപ്പ് മത്സരം.
അണ്ടർ 14 ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ പാലക്കാടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മലപ്പുറം കിരീടം ചൂടി. മലപ്പുറത്തിന് വേണ്ടി എൻ.എൻ.എം എച്ച്.എസ്.എസ് ചേലേമ്പ്രയും പാലക്കാടിനു വേണ്ടി പി.ടി.എം എച്ച്.എസ്.എസ് തൃക്കണ്ടിയൂരുമാണ് ബൂട്ടണിഞ്ഞത്. ജേതാക്കൾ ദേശീയ സുബ്രതോ കപ്പിലെ അണ്ടർ 14 വിഭാഗത്തിൽ കേരളത്തിനായി മത്സരിക്കും. മത്സരത്തിന്റെ പത്താം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെഷമീർ ബാലിക്കാരയിലും 36ാം മിനിറ്റിൽ മുഹമ്മദ് ജിൻഷാദും ഗോൾവല കുലുക്കി.