kochi

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നാല് ദിവസങ്ങളിലായി അരങ്ങേറിയ സംസ്ഥാന ക്ലബ്ബ് അത്‌ലറ്റിക് മീറ്റിൽ 437 പോയിന്റുമായി എറണാകുളം കോതമംഗലം മാർ അത്തേനേഷ്യസ് സ്‌പോർട്സ് അക്കാദമി ജേതാക്കളായി. 210 പോയിന്റുമായി കോഴിക്കോട്ടെ പുല്ലൂരാംപാറ മലബാർ സ്‌പോർട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. 205 പോയിന്റുമായി അൽഫോൻസാ അത്‌ലറ്റിക് അക്കാദമി കോട്ടയം മൂന്നാമതും 117.5 പോയിന്റ് നേടിയ ഉഷ സ്‌കൂൾ ഓഫ് അത്ഡലറ്റിക്ക് കിനാലൂർ നാലാം സ്ഥാനത്തുമാണ്.
മീറ്റിന്റെ അവസാന ദിനത്തിൽ നാല് റെക്കോർഡുകൾ പിറന്നു. 800 മീറ്ററിൽ കണ്ണൂരിന്റെ തോംസൺ പൗലോസും, കോട്ടയത്തിന്റെ അനന്ദു മോനും റെക്കോർഡുകൾ പങ്കിട്ടു. 400 മീറ്റർ ഹർഡിൽസിൽ മലപ്പുറത്തിന്റെ ആരതിയും സ്റ്റീപ്പിൾ ചേസിൽ എറണാകുളത്തിന്റെ ബിബിൻ ജോർജ്ജുമാണ് റെക്കോർഡുകൾ തകർത്തത്. നാല് ദിവസങ്ങളിലായി ആകെ 27 റെക്കോർഡുകൾ പിറന്നു. മീറ്റിലെ ഒന്ന്,​ രണ്ട് സ്ഥാനക്കാർക്ക് ആന്ധ്രയിലെ ഗുണ്ടൂരിൽ നടക്കുന്ന ദക്ഷിണേന്ത്യൻ മീറ്റിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടാകും. ജേതാക്കൾക്ക് കാലിക്കറ്റ് സർവകലാശാല പി.വി.സി ഡോ.എം.നാസർ ട്രോഫി വിതരണം ചെയ്തു.