
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും വസ്ത്രത്തിനുള്ളിൽ സ്വർണ മിശ്രിതം തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം. ഒന്നരക്കിലോ സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് കസ്റ്റംസിന്റെ പിടിയിലായത്. സമാനരീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച ഒരാളെ ശനിയാഴ്ച വിമാനത്താവളത്തിനു പുറത്തുവച്ച് പിടികൂടിയിരുന്നു.
ഷാർജയിൽ നിന്ന് കരിപ്പൂരിലെത്തിയ ഹാരിസ് ടീഷർട്ട്, പാന്റ്സ്, അടിവസ്ത്രം എന്നിവയിൽ പ്രത്യേക ക്രമീകരണമുണ്ടാക്കി സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഹാരിസിനെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെ പരിശോധനകളിലെ പാളിച്ചയാണോ അതോ ഉദ്യോഗസ്ഥരുടെ ഒത്താശയാണോ സ്വർണക്കടത്തുകാരെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതെന്ന സംശയമാണ് ഉയരുന്നത്.