mkdkd
ചിർപ്പും കുണ്ടിലെ ഇരുമ്പ് പാലം

കുറ്റിപ്പുറം : ചരിത്രപ്രസിദ്ധമായ തിരുനാവായയിൽ അധികൃതരുടെ അശ്രദ്ധമൂലം തകർച്ച നേരിടുന്നത് നിരവധി ചരിത്ര സ്മാരകങ്ങൾ. സാമൂഹിക,​ സാംസ്കാരിക,​ ചരിത്ര മേഖലകളിൽ അതുല്യ സ്ഥാനമുള്ള തിരുനാവായയിൽ അകത്തും പുറത്തും നിന്നായി നിരവധി പേരാണ് ചരിത്രം പഠിക്കാനും സ്മാരകങ്ങൾ സന്ദർശിക്കാനുമായി എത്തുന്നത്.
മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാട് തറ, പഴുക്കാ മണ്ഡപം , ചങ്ങമ്പള്ളി കളരി, മഹാശിലാ കാല ശേഷിപ്പായ മരുന്നറ എന്നിവ ഇപ്പോൾ ടൂറിസം വകുപ്പ്, പുരാവസ്തു വകുപ്പ് എന്നിവയുടെ സംരക്ഷണത്തിലാണ്. ഇതിന് മാമാങ്ക സംരക്ഷണ സമിതിയും റിഎക്കൗയും ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. ഇവിടെ ടൂറിസം ഡിപ്പാർട്ട്മെന്റ് കെയർടേക്കറെ നിയമിക്കുകയും സ്മാരകങ്ങൾക്ക് ക്യത്യമായി പരിപാലനവും സംരക്ഷണവും നൽകുന്നുണ്ട്. എന്നാൽ മഹാശിലാ യുഗ ശേഷിപ്പായ എടക്കുളം കുന്നുമ്പുറത്തെ കുത്ത് കല്ല്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊടക്കല്ലിലെയും ചേരുലാലിലെയും രണ്ടാട്ടൂരിലെയും ചെങ്കൽ അത്താണികൾ, ഒരേ സമയം നൂറിലേറെ
സ്വാതന്ത്ര്യ സമര നായകർ കാൽനടയായി സഞ്ചരിച്ച് ചരിത്രത്തിൽ ഇടം നേടിയ, ബ്രിട്ടീഷുകാർ നിർമ്മിച്ച എടക്കുളം ചീർപ്പുംകുണ്ട് ഇരുമ്പ് പാലം, ബന്ദർകടവ് ശേഷിപ്പുകൾ എന്നിവ വേണ്ട സംരക്ഷണം ലഭിക്കാതെ തകർച്ചയുടെ വക്കിലാണ്.
അത്താണികളിൽ ചേരുലാൽ അത്താണി രണ്ട് വർഷം മുമ്പ് വാഹനമിടിച്ച് തകർന്ന് ഇപ്പോൾ കാട്മൂടി നിൽക്കുകയാണ്‌.
കൊടയ്ക്കൽ അങ്ങാടിയിൽ ആൽമരച്ചുവട്ടിലുള്ള അത്താണി ചരക്കുകൾ
ഇറക്കിവയ്ക്കാൻ മാത്രമുള്ളതായിരുന്നില്ല. ആൽമരച്ചുവട്ടിൽ കൂടുതൽ സമയം വിശ്രമിക്കാനും സാധിക്കുന്ന തരത്തിലായിരുന്നു. മറ്റുള്ളതിനെ അപേക്ഷിച്ച് നീളമേറിയ അത്താണി കൂടിയാണിത്.
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖമായിരുന്നു കൊടക്കല്ലിലെ ബന്ദർ കടവ്.ഇതൊരു പുഴയുടെ തീരത്താണെന്നതും പ്രധാന്യമർഹിക്കുന്നതാണ്. സാമൂതിരി തിരുനാവായയിലെ മാമാങ്കത്തിന്റെ നടത്തിപ്പ് അധികാരം ഏറ്റെടുക്കുന്നതോടെയാണ് ബന്ദർ കടവ് കൂടുതൽ പ്രശസ്തമാകുന്നത്.കുന്നുംമ്പുറത്തെ കുത്ത് കല്ല് (മെൻഹർ) സമീപത്തുള്ള മറ്റു കുത്ത് കല്ലിനേക്കാളും വലിപ്പമുള്ളതാണ്. ഇത് റോഡ് വക്കിലായതിനാൽ കൂടുതൽ സംരക്ഷണം വേണ്ടിവരുന്നു.

ഗാന്ധിജിയുടെ ചിതാഭസ്മകുംഭം നിളയിൽ നിമജ്ജനം ചെയ്യാൻ 1948 ഫെബ്രുവരി 12 ന് കൊണ്ടുപോയത്
എടക്കുളം ചീർപ്പുംകുണ്ട് ഇരുമ്പ് പാലത്തിലൂടെയായിരുന്നു. അന്ന് നിരവധി സ്വാതന്ത്ര്യ സമര നായകർ എടക്കുളം റെയിൽവേ സ്റ്റേഷനിലിറങ്ങി കാൽനടയായിട്ടാണ് ഇതിലൂടെ അനുഗമിച്ചത്.

നിരവധി ചരിത്രങ്ങളും പൈതൃകങ്ങളും മറഞ്ഞ് കിടക്കുന്ന തിരുനാവായയെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച് ചരിത്ര പഠിതാക്കൾക്കും സന്ദർശകർക്കും വരും തലമുറയ്ക്കും ഉപകാരപ്രദമായ രീതിയിൽ ഈ ശേഷിപ്പുകല്ലൊം അടിയന്തരമായി സംരക്ഷിക്കണം

സൽമാൻ കരിമ്പനക്കൽ

പ്രദേശവാസി