 
പൊന്നാനി: മൂന്ന് തലമുറയെ അക്ഷരം പഠിപ്പിച്ച, പൊന്നാനി ന്യൂ എൽ.പി സ്ക്കൂൾ അദ്ധ്യാപികയായിരുന്ന ഗൗരിക്ക് അക്ഷരങ്ങളിൽ കോർത്ത ഗുരുദക്ഷിണയുമായി വിദ്യാർത്ഥികൾ. നവതി ആഘോഷിക്കുന്ന ടീച്ചർക്കുള്ള സമ്മാനമായാണ് പഠനകാലത്തെ ഓർമ്മകൾ മേയുന്ന 'അ.... അദ്ധ്യാപിക... അമ്മ' എന്ന പുസ്തകമിറങ്ങുന്നത്.
സി. രാധാകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, പി.പി. രാമചന്ദ്രൻ, പി.ടി. ഉഷ എം.പി, മുൻ എം.പി സി. ഹരിദാസ് എന്നിവരുടേതുൾപ്പെടെ 123 കുറിപ്പുകളടങ്ങിയതാണ് പുസ്തകം. കൂലിപ്പണിക്കാർ മുതൽ വീട്ടമ്മമാർ വരെ ടീച്ചറുമൊത്തുള്ള പഠനാനുഭവം കുറിക്കുന്നു. 272 പേജുണ്ട്.
കൊവിഡിന്റെ രണ്ടാം തരംഗ സമയത്തായിരുന്നു ടീച്ചറുടെ നവതി. നേരിട്ടെത്തി ആശംസ അറിയിക്കാൻ പലർക്കും സാധിക്കാതിരുന്ന ഘട്ടത്തിലാണ് ഓർമ്മക്കുറിപ്പുകൾ സമാഹരിക്കാൻ ടീച്ചറുടെ മക്കൾ തീരുമാനിച്ചത്. തിരുനാവായ നവാമുകുന്ദ സ്ക്കൂളിലെ റിട്ട. അദ്ധ്യപകൻ കൃഷ്ണകുമാറും അംബേദ്ക്കർ യൂണിവേഴ്സിറ്റിയിലെ ഡീൻ ഡോ.ബാബു പി. രമേശും മുന്നിട്ടിറങ്ങി. അച്യുത് കുമാറും ഗോപകുമാറും പിന്തുണ നൽകി.
36 വർഷത്തെ അദ്ധ്യാപന കാലത്തിൽ പകുതിയിലേറെയും സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപികയായിരുന്നു ടീച്ചർ. 1988ൽ വിരമിച്ചു. സാംസ്കാരിക മേഖലയിലും സജീവമായിരുന്നു.
കെ.പി. രാമനുണ്ണി അവതാരികയെഴുതി. ചിത്രങ്ങൾ ഭാസ്ക്കർ ദാസിന്റേതാണ്. പ്രകാശനം സെപ്തംബർ നാലിന് ആലങ്കോട് ലീലാകൃഷ്ണൻ പി.പി. രാമചന്ദ്രന് നൽകി നിർവ്വഹിക്കും