
മലപ്പുറം: കരിപ്പൂർ വിമാനത്താവളം റൺവേ വികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക ഭൂസർവേ ഉടൻ തുടങ്ങും. എസ്റ്റാബ്ലിഷ്‌മെന്റ് ചാർജ്ജിനത്തിൽ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അനുവദിക്കുന്നതോടെ സർവേക്കല്ല് ഉൾപ്പെടെയുള്ളവ വാങ്ങി അതിർത്തി നിർണ്ണയിച്ച് കല്ലിടും. ഒപ്പം പരിസ്ഥിതി ആഘാത പഠനവും നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി ഒരുമാസത്തിനകം പഠനം പൂർത്തിയാക്കും. ഈ റിപ്പോർട്ട് കളക്ടർ മുഖേന സംസ്ഥാന ലാന്റ് റവന്യൂ കമ്മിഷണർക്ക് സമർപ്പിക്കും. സർക്കാർ അംഗീകരിക്കുന്നതോടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 4(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിപ്പിക്കും. 2013ലെ കേന്ദ്ര സർക്കാരിന്റെ പുതിയ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചാവും തുടർനടപടികൾ. ഭൂമിവില നിശ്ചയിച്ച് കളക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്കാവും നഷ്ടപരിഹാര നടപടികൾ തുടങ്ങുക.
ഭൂമിയേറ്റെടുക്കുന്നതിനുള്ള ഗതാഗത, റവന്യൂ വകുപ്പുകളുടെ അനുമതി ലാന്റ് അക്വിസിഷൻ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലെ ഉത്തരവാദിത്വം ഗതാഗതവകുപ്പിനാണ്. ഭൂസർവേ ചെയ്യുന്നതിനുള്ള ഗസറ്റഡ് നോട്ടിഫിക്കേഷനായ 6(1) പരസ്യപ്പെടുത്തിയിട്ടുണ്ട്. കെ.റെയിലിന്റെ കാര്യത്തിൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിപ്പിക്കാതെ ഭൂസർവേ നടത്തിയത് വിവാദമായ സാഹചര്യത്തിലാണിത്.
രജിസ്റ്റർ ചെയ്ത ആധാരം അടിസ്ഥാനമാക്കിയാവും ഭൂമിയുടെ നഷ്ടപരിഹാരം. സർക്കാരിലേക്കുള്ള സ്റ്റാംപ് ഡ്യൂട്ടി വെട്ടിക്കാൻ ആധാരത്തിൽ വില കുറച്ച് രേഖപ്പെടുത്തുന്ന പതിവ് തിരിച്ചടിയായേക്കും. യഥാർത്ഥ മാർക്കറ്റ് വില പ്രതിഫലിക്കുന്ന കുറച്ച് ആധാരങ്ങളെങ്കിലും കിട്ടിയാൽ ഉയർന്ന നഷ്ടപരിഹാരം ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലാന്റ് അക്വിസിഷൻ അധികൃതർ.
പള്ളിക്കൽ വില്ലേജിലെ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക.
മണ്ണിടൽ വലിയ കടമ്പ
ഭൂമിയേറ്റെടുത്ത് റൺവേ നിരപ്പിൽ മണ്ണിട്ട് ഉയർത്തി നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. 100 കോടിയോളം ചെലവാവും. മണ്ണിന്റെ ലഭ്യത, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ പ്രതിബന്ധങ്ങളായേക്കാം എന്നതിനാൽ മണ്ണിടൽ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ചെലവ് എയർപോർട്ട് അതോറിറ്റി വഹിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. പുഴകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണ്ണും മറ്റും ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
നാലുമാസത്തിനകം ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാവും. ജനങ്ങൾക്ക് എതിർപ്പില്ല.കെ.ശ്രീകുമാർ, ഡെപ്യൂട്ടി കളക്ടർ ലാന്റ് അക്വിസിഷൻ