
മലപ്പുറം: ഓണക്കാലത്ത് ഓടിക്കുന്ന ആറ് സ്പെഷ്യൽ ട്രെയിനുകളുടേയും ടിക്കറ്റുകൾ നേരത്തെ തീർന്നത് അവസരമാക്കി നാട്ടിലെത്തുന്ന മലയാളികളെ കൊള്ളയടിക്കാൻ ബംഗളൂരു, ചെന്നൈ റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കി അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ. സെപ്തംബർ 4 മുതൽ 11 വരെയാണ് നിരക്ക് വർദ്ധന. ഉത്രാട തലേന്നാണ് ഏറ്റവും കൂടിയ നിരക്ക്.
അതേസമയം, കെ.എസ്.ആർ.ടി.സിയിലും സ്വിഫ്റ്റിലും നിരക്ക് കുറവാണെന്നത് യാത്രക്കാർക്ക് ആശ്വാസമേകുന്നുണ്ട്. സെപ്തംബർ നാലുമുതൽ ബംഗളൂരു, ചെന്നൈ, മൈസൂരു, പോണ്ടിച്ചേരി റൂട്ടുകളിൽ കെ.എസ്.ആർ.ടി.സിയും സ്വിഫ്റ്റും അധിക സർവീസ് നടത്തും. 20 ഷെഡ്യൂളുകൾക്കായി 24 കെ.എസ്.ആർ.ടി.സി ബസുകളും 16 സിഫ്റ്റ് ബസുകളും ഒരുക്കിയിട്ടുണ്ട്. പലതിന്റെയും മുൻകൂർ റിസർവേഷൻ തുടങ്ങി. ചിലതിന്റെ ടിക്കറ്റുകൾ തീർന്നു.
സാഹചര്യം നോക്കി കൂടുതൽ സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്. നാളെ മുതൽ കർണാടക ആർ.ടി.സിയുടെ 20 ബസുകൾ മംഗലാപുരം, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസ് നടത്തും.
കുത്തനെക്കൂട്ടിയ നിരക്ക്
നിലവിലേത്, ഓണക്കാലത്തേത്
ബംഗളൂരു-കൊച്ചി : 1,300- 1,400 / 2,150 - 2,500
(എ.സി സ്ലീപ്പർ)
ബംഗളൂരു- കൊച്ചി: 800-1,000 / 1,400- 1600
( സ്ളീപ്പർ )
ബംഗളൂരു-തിരുവനന്തപുരം: 1,500-1,650 / 2,450 - 3,000
(എ.സി സ്ലീപ്പർ)
ചെന്നൈ-കൊച്ചി: 1,500-1,800 / 2,500- 3,300
(എ.സി സ്ലീപ്പർ)
ചെന്നൈ-തിരുവനന്തപുരം: 1,450-1,600 / 2,700- 3,100
(എ.സി സ്ലീപ്പർ)
ആശ്വാസം ഈ നിരക്ക്
ഉത്രാടത്തലേന്ന് സ്വിഫ്റ്റ് ഗജരാജ് എ.സി സ്ലീപ്പറിൽ ബംഗളൂരു- എറണാകുളം നിരക്ക് 1,441രൂപ. തിരുവനന്തപുരത്തേക്ക് 1,991. ടിക്കറ്റുകൾ തീർന്നു. കെ.എസ്.ആർ.ടി.സി എസി മൾട്ടി ആക്സിൽ ബസുകളിൽ ഏതാനും ടിക്കറ്റുകളുണ്ട്. തിരുവനന്തപുരത്തേക്ക് നിരക്ക് 1,763 രൂപ
ഓൺലൈൻ റിസർവേഷൻ വർദ്ധിക്കുന്നത് അനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. 40 ബസുകൾക്ക് താത്ക്കാലിക അന്തർസംസ്ഥാന സർവീസ് പെർമിറ്റെടുത്തിട്ടുണ്ട്.
ആർ.മനീഷ്, ചീഫ് ട്രാഫിക് ഓഫീസർ, കെ.എസ്.ആർ.ടി.സി