 
മലപ്പുറം: മലയാളികളുടെ ഇത്തവണത്തെ ഓണസദ്യയ്ക്ക് കുടുംബശ്രീയുടെ ശർക്കര വരട്ടിയുമുണ്ടാകും. സപ്ലൈക്കോ വഴി നൽകുന്ന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റിലാണ് കുടുംബശ്രീ യൂണിറ്റുകളിൽ നിർമ്മിച്ച ശർക്കര വരട്ടി (ശർക്കര ഉപ്പേരി) ലഭിക്കുക. ഓരോ ജില്ലയിലേയും ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച് അതത് ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളാണ് ഇവ നിർമ്മിച്ച് സപ്ലൈക്കോയിലേക്ക് കൈമാറുന്നത്. മലപ്പുറം ജില്ലയിൽ മാത്രം ആറ് ഡിപ്പോകൾക്കായി ഒമ്പത് ലക്ഷം ശർക്കരവരട്ടി പായ്ക്കറ്റുകളാണ് നിർമ്മിക്കുന്നത്. സെപ്തംബർ ആദ്യവാരത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനമാരംഭിക്കും.
മലബാറിൽ ശർക്കര ഉപ്പേരിയെന്നും തെക്കൻ ജില്ലകളിൽ ശർക്കര വരട്ടിയെന്നുമാണ് ഇത് അറിയപ്പെടുന്നത്. 100 ഗ്രാമിന്റെ പായ്ക്കറ്റാണ് ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കിറ്റ് വിതരണം തുടങ്ങുന്നതിന്റെ 10 ദിവസം മുമ്പേ ജില്ലയിലെ കുടുംബശ്രീയുടെ 45 യൂണിറ്റുകളും ശർക്കര വരട്ടിയുടെ നിർമ്മാണം ആരംഭിച്ചിരുന്നു. 70 ശതമാനം നിർമ്മാണം പൂർത്തിയാക്കി വിതരണം ചെയ്തു. വരുന്ന തിങ്കളാഴ്ച്ചയോടെ വിതരണം പൂർത്തിയാവും. തൃശൂർ ജില്ലയിലേക്ക് ആവശ്യമായ ശർക്കര വരട്ടിയുടെ അഞ്ച് ലക്ഷം പായ്ക്കറ്റുകൾ നിർമ്മിക്കുന്നതും മലപ്പുറം യൂണിറ്റുകളിൽ നിന്നാണ്. പഞ്ചായത്ത് തലത്തിൽ സി.ഡി.എസ് ചെയർപേഴ്സൺമാർ, ക്വാളിറ്റി ചെക്കിംഗ് അധികൃതർ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റിംഗ് അംഗങ്ങൾ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
ഓണച്ചന്തകൾ ആരംഭിക്കും
ജില്ലയിലെ 111 കുടുംബശ്രീ സി.ഡി.എസുകളുടെ ആഭിമുഖ്യത്തിൽ അഞ്ച് ദിവസം ഓണച്ചന്തകളുമുണ്ടാവും. ജില്ലാതല ചന്ത മലപ്പുറത്ത് സെപ്തംബർ മൂന്ന് മുതൽ ഏഴ് വരെയാണ് പ്രവർത്തിക്കുക. ശർക്കര വരട്ടിയടക്കമുള്ള വിഭവങ്ങൾ ഓണച്ചന്തകളിലും ലഭിക്കും. ബേക്കറി, പായസം കിറ്റ്, പച്ചക്കറികൾ, പലഹാരങ്ങൾ എന്നിവയും ചന്തയിലുണ്ടാകും.
സപ്ലൈക്കോയിൽ നിന്ന് കുടുംബശ്രീയ്ക്ക് ലഭിക്കുന്നത് - 27 രൂപ (പായ്ക്കറ്റ് ഒന്നിന്)