governor

കണ്ണൂർ സർവകലാശാലയിലെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ അലയൊലികളിലാണ് കേരളം. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലെ തർക്കങ്ങൾ പലപ്പോഴും അതിർവരമ്പുകൾ ഭേദിച്ച് കടന്നു. കണ്ണൂർ തന്റെ നാടാണെന്ന് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ ഒപ്പിട്ടതെന്നാണ് ഒടുവിൽ ഗവർണർ പറഞ്ഞത്. സർവകലാശാലയിലെ നിയമനങ്ങൾ ഞെട്ടിക്കുന്നതാണെന്നും ചിലരുടെ അനന്തരവനും ഭാര്യാ സഹോദരനും മറ്റുമാണ് നിയമനം. നിയമസഭ പാസാക്കുന്ന ബില്ലുകൾ തന്റെ മുന്നിലെത്തുമ്പോൾ സൂക്ഷ്മ പരിശോധന നടത്തുമെന്ന് കൂടി ഗവർണ്ണർ പറഞ്ഞുവച്ചു. ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം സി.പി.എം പലതവണ ഉന്നയിക്കുകയും ചെയ്തു. കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ നിയമിച്ചതിനെതിരെ മറ്റൊരു ഉദ്യോഗാർത്ഥി ഡോ. ജോസഫ് സ്കറിയ പരാതിയുമായി രംഗത്തുവന്നതോടെയാണ് വിഷയത്തിൽ ഗവർണറുടെ ഇടപെടൽ. അക്കാഡമിക് യോഗ്യതാ മാനദണ്ഡങ്ങളിൽ ഏറെ മുന്നിലുള്ള ജോസഫ് സ്കറിയയെ പിന്തള്ളി പ്രിയാ വർഗീസ് മുന്നിലെത്തിയതോടെ രാഷ്ട്രീയ നിയമനമെന്ന ആരോപണം ശക്തമായി. ഗവർണർ ഉന്നയിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന്റെ ചോദ്യങ്ങൾ കൂടിയായി. നിയമം വിട്ടുള്ള ഒന്നിനും താൻ തയ്യാറല്ലെന്ന് പലവുരു ഗവർണർ വ്യക്തമാക്കി. അനുനയന ചർച്ചകളിലൊന്നും തന്റെ നിലപാടിൽ നിന്ന് അണു മണിത്തൂക്കം പോലും പിന്നോട്ടുപോവാൻ ഗവർണർ തയ്യാറായില്ല. കണ്ണൂരിലെ കാര്യങ്ങൾ ഇങ്ങനെ എങ്കിൽ കാലിക്കറ്റ് സർവകലാശാലയിൽ എത്തുമ്പോൾ ഈ കാഴ്ചയല്ല കാണുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമനത്തിന്റെ കാര്യത്തിൽ ഗവർണർ ഉന്നയിച്ച കാര്യങ്ങളോളം തന്നെ ഗൗരവമുള്ള നിയമന വിവാദം കാലിക്കറ്റിൽ പുകയുന്നുണ്ട്. എന്നാൽ ഇക്കാര്യം ഉന്നയിക്കാൻ ഗവർണർ അടക്കം ആരും വേണ്ടത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് ആക്ഷേപം.

ആ പരാതിയിൽ അനങ്ങിയില്ല

കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക തസ്തികകളിലെ നിയമനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയിൽ സിൻഡിക്കേറ്റ് മെമ്പർ ഡോ.റഷീദ് അഹമ്മദ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. യൂണിവേഴ്സിറ്റികളിൽ അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള 2018ലെ യു.ജി.സി റെഗുലേഷനിൽ യൂണിവേഴ്സിറ്റി സ്വന്തം ഇഷ്ടപ്രകാരം മാറ്റം വരുത്തിയെന്നും വിഷയത്തിൽ ഗവർണർ ഇടപെടണണെന്നും ആയിരുന്നു സിൻഡിക്കേറ്റ് മെമ്പറുടെ ആവശ്യം. 2018ലെ യു.ജി.സി റെഗുലേഷൻ അനുസരിച്ച് 2019 ഡിസംബറിലാണ് കാലിക്കറ്റിൽ അദ്ധ്യാപക നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരുന്നത്. മാനദണ്ഡങ്ങളിൽ യോഗ്യരായവർ അപേക്ഷ സമർപ്പിച്ചിരുന്നു. 2020 ഫെബ്രുവരിയോടെ ലഭിച്ച അപേക്ഷകളെല്ലാം യൂണിവേഴ്സിറ്റി പരിശോധിച്ചു. 2021 ഫെബ്രുവരിയിലാണ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.

യു.ജി.സി നിയമപ്രകാരം അപേക്ഷ ക്ഷണിച്ച ശേഷം മാറ്റം പാടില്ലാത്തതാണ്. മാറ്റത്തോടെ മുൻ മാനദണ്ഡത്തിൽ യോഗ്യരായ പല ഉദ്യോഗാർത്ഥികളും നിയമനത്തിൽ നിന്ന് പുറത്തായി. പ്രത്യേകമായി രൂപവത്കരിച്ചിരുന്ന മൂന്നംഗ സബ്കമ്മിറ്റിയിലുള്ളവരുടെ സ്വന്തക്കാരെ നിയമിക്കാൻ റെഗുലേഷൻ ദുരുപയോഗം ചെയ്തതാണെന്നും ആരോപണമുണ്ട്. നേരത്തെ ഗവേഷണ പ്രബന്ധങ്ങൾക്ക് നിശ്ചിത മാർക്ക് നിശ്ചയിച്ചിരുന്നില്ല. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതോടെ ഒന്ന് മുതൽ 50 വരെ പോയിന്റുകൾക്ക് നാല് മാർക്കും, 51-100 വരെ പോയിന്റുകൾക്ക് ആറ് മാർക്കുമായി നിശ്ചയിച്ചു. പ്രൊജക്ട്, കോൺഫറൻസ് പേപ്പർ, തീസിസ് എന്നിവയ്ക്കും സമാന രീതിയിൽ മാർക്ക് നിശ്ചയിച്ചു. ലഭിച്ച അപേക്ഷകളിലെ ഇൻഡക്സ് മാർക്ക് മനസിലാക്കിയ ശേഷമാണ് മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്. എന്നാൽ ഇത് ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള തന്റെ പരാതിയിൽ ഗവർണ്ണർ ഇടപെട്ടില്ലെന്ന് റഷീദ് അഹമ്മദ് ആരോപിക്കുന്നു.

കാലിക്കറ്റിൽ ഒത്തുതീർപ്പോ ?

കാലിക്കറ്റ് സർവകലാശാലയിലെ മലയാളം പ്രൊഫസർ നിയമനത്തിൽ ഡോ.സി.ജെ.ജോർജിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ അക്കാഡമിക് സമൂഹവും സാംസ്‌കാരിക പ്രവർത്തകരും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഡോ.എം.എൻ.കാരശ്ശേരി, കൽപ്പറ്റ നാരായണൻ, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.ടി.ബി. വേണുഗോപാല പണിക്കർ, കെ.ജി.ശങ്കരപ്പിള്ള, കെ.സി.നാരായണൻ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തുവന്നത്. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന മലയാള വിഭാഗം പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ നിയമനത്തെ കുറിച്ച് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഉത്കണ്ഠാജനകമാണെന്നും യോഗ്യതകൾ മറികടന്നും ക്രമവിരുദ്ധമായും അക്കാദമിക ബാഹ്യമായ താത്പര്യത്തോടെയും നിയമനം നടത്താൻ ആസൂത്രിത ശ്രമം നടന്നെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. അക്കാദമികമായി ഉയർന്ന യോഗ്യതകളും സംഭാവനകളും മികച്ച അക്കാദമിക സ്‌കോറുമുള്ള ഡോ. ജോർജിനെ സെലക്ഷൻ കമ്മിറ്റി നിയമ വിരുദ്ധമായി പുറന്തള്ളി ഇന്റർവ്യൂവിന് വിളിക്കപ്പെട്ട നിരവധി അപേക്ഷകരെ അയോഗ്യരാക്കി മാറ്റിനിറുത്തിയുമുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പുതിയ സെലക്ഷൻ ബോർഡ് രൂപീകരിച്ച് വീണ്ടും ഇന്റർവ്യു നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ.ജോർജ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർക്കും സിൻ‌‌ഡിക്കേറ്റിനും കത്ത് നൽകിയിട്ടുണ്ട്. മലയാളം പ്രൊഫസർ നിയമനത്തിലെ റാങ്ക് ലിസ്റ്റ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും ഡോ. ജോസഫ് സ്കറിയക്ക് ഒന്നാംറാങ്ക് ലഭിച്ചെന്ന വിവരങ്ങളാണ് പുറത്തറിയുന്നത്. കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനത്തിനെതിരെ ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒത്തുതീർപ്പ് ഫോർമ്മുല എന്ന നിലയിൽ ജോസഫ് സ്കറിയയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിയമനം ഉറപ്പാക്കുന്നതിനാണ് ഡോ.ജോർജിനെ തഴഞ്ഞതെന്നാണ് ആരോപണം. കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള ഡോ.ജോസഫ് സ്കറിയയുടെ അപേക്ഷ മാനദണ്ഡപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്ക്രീനിംഗ് കമ്മിറ്റി തള്ളിയപ്പോൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയത്. ഡോ.ജോസഫ് സ്കറിയയേക്കാൻ അക്കാദമിക് യോഗ്യതയുള്ളത് ഡോ ജോർജിനാണെന്ന് ഉയർത്തിക്കാട്ടിയാണ് അക്കാദമിക,​ സാംസ്കാരിക പ്രവർത്തകർ രംഗത്തുവന്നിട്ടുള്ളത്.

പുതിയ സെലക്ഷൻ ബോർഡ് രൂപീകരിച്ച് ഇന്റർവ്യു വീഡിയോ റെക്കോർഡ് ചെയ്ത് വിലയിരുത്തി റാങ്ക് പട്ടിക തയ്യാറാക്കണമെന്നാണ് ഡോ. ജോർജിന്റെ ആവശ്യം. കാലിക്കറ്റിലെ അദ്ധ്യാപക നിയമനത്തിൽ പുകമറകൾ ഉണ്ടായെന്ന് പൊതുസമൂഹം തന്നെ വിലയിരുത്തുന്ന സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കാനും യോഗ്യരായവർക്ക് നിയമനം ഉറപ്പാക്കാനും സർവകലാശാല അധികൃതർക്ക് ഉത്തരവാദിത്വമുണ്ട്. എല്ലാ നിയമലംഘനങ്ങളും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്ന് അധികാര കേന്ദ്രങ്ങളിലുള്ളവർ ഓർമ്മിക്കുകയും വേണം. നിയമനങ്ങളിലെ രാഷ്ട്രീയവും ഇതിനെതിരെയുള്ള നീക്കങ്ങളിലെ രാഷ്ട്രീയവുമല്ല ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. നാളെയുടെ സമൂഹത്തെ വാർത്തെടുക്കേണ്ടവരാണ് അദ്ധ്യാപകർ. അവരെ സ്വജനപക്ഷ രാഷ്ട്രീയത്തിന്റെ കുടുസ്സ് ചങ്ങലയിൽ കെട്ടിയിട്ടാൽ,​ ഫലത്തിൽ സ്വതന്ത്ര ചിന്താശേഷിയുള്ള ഒരുതലമുറയെ കൂടിയാവും തളച്ചിടുക. രാഷ്ട്രീയ ലക്ഷ്യങ്ങൾ മാറ്റിവച്ച് സർവകലാശാലകളിലെ നിയമനങ്ങളിലെ ക്രമക്കേടുകൾ ചർച്ച ചെയ്യപ്പെടുക തന്നെ വേണം. ഇക്കാര്യത്തിൽ പൊതുസമൂഹം ഉണർന്ന് പ്രവർത്തിക്കുകയും വേണം.