jj

മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ആദ്യഘട്ട നിർമ്മാണം ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. ബസ് ടെർമിനൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് നിലകളിലുള്ള ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിൽ യാത്രക്കാർ വരുന്ന ഭാഗത്തിന്റെ നിർമ്മാണമാണ് ആദ്യം പൂർത്തിയാക്കുക. മൂന്ന് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് കോടി പി.ഉബൈദുള്ള എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം താഴെ നില ടെൻഡർ ചെയ്യാനും നടപടിയെടുക്കും. ഇലക്ട്രിക്കൽ, ഫയർ സേഫ്റ്റി ജോലികൾ പൂർത്തീകരിച്ച് വാണിജ്യ ആവശ്യങ്ങൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം മറ്റ് രണ്ട് നിലകളുടെ പ്രവൃത്തിയും പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

സർവീസുകൾ പുനരാരംഭിക്കും

കൊവിഡ് സമയത്ത് നിറുത്തിവച്ച സർവീസുകൾ ഉടൻ പുനരാരംഭിക്കും. ജീവനക്കാരുടെ ജോലി സമയം പുതുക്കി നിശ്ചിയിക്കുന്നതോടെ നിലവിലെ ബസുകൾ ഉപയോഗിച്ച് തന്നെ കൂടുതൽ സർവീസുകൾ നടത്താൻ കഴിയും. ജോലി സമയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടുത്ത ആഴ്ച യോഗം ചേരും. പെരിന്തൽമണ്ണ വളാഞ്ചേരി, തിരൂർ, ചമ്രവട്ടം, പൊന്നാനി റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. ഏർവാടി, വേളാങ്കണ്ണി, പഴനി റൂട്ടുകളിലേക്ക് സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ശൗചാലയം ഒരുമാസത്തിനകം

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ശൗചാലയം യാത്രക്കാർക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയിലാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വർക്ക് ഷോപ്പിന് അകത്താണ് ഈ ശൗചാലയങ്ങൾ എന്നതിനാൽ പുറത്ത് നിന്നുള്ളവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. യാത്രക്കാർക്കായി നിർമ്മിച്ച ശൗചാലയം ഉപയോഗശൂന്യമായിരുന്നു. ഇതിനുള്ള പരിഹാരമായി കോട്ടക്കുന്ന് റോഡിനോട് ചേർന്ന് താത്കാലികമായി പുതിയ പ്രവേശന കവാടം നിർമ്മിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ബസ് ടെർമിനലിന്റെ ആദ്യഘട്ട നിർമ്മാണം കഴിയുന്നതോടെ പുതിയ ശുചിമുറിയും സജ്ജമാകും. കഫറ്റീരിയ, ശുചിമുറി, മുലയൂട്ടൽ കേന്ദ്രം എന്നിവയെല്ലാം അടങ്ങിയ ടേക് എ ബ്രേക്കിന് സ്ഥലം അനുവദിക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. പി.ഉബൈദുള്ള എം.എൽ.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.