nnnn

മലപ്പുറം: വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ല വലിയ മുന്നേറ്റങ്ങൾ നടത്തുമ്പോഴും ഉന്നത വിദ്യാഭ്യാസ രംഗത്ത് മതിയായ സൗകര്യങ്ങളില്ല. 90 ശതമാനത്തിന് മുകളിൽ പ്ലസ്‌ടുവിന് മാർക്കില്ലെങ്കിൽ ബിരുദ പഠനത്തിന് മെറിറ്റിൽ സീറ്റ് ലഭിക്കില്ല. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പോലും കോളേജുകളില്ല. ഉള്ള കോളേജുകളിൽ അസൗകര്യങ്ങളുമേറെ.

ഏറനാട് മണ്ഡലത്തിൽ ഗവ.കോളേജ് അനുവദിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. നിലമ്പൂരിലും കൊണ്ടോട്ടിയിലും ഗവ. കോളേജുകൾ സ്ഥാപിച്ചപ്പോൾ ഏറനാട്ടുകാർ പ്രതീക്ഷ വച്ചെങ്കിലും വെറുതെയായി. ഉയർന്ന മാർക്കുണ്ടെങ്കിലും ബിരുദ, ബിരുദാനന്തര പഠനത്തിന് വിദ്യാർത്ഥികൾക്ക് കോഴിക്കോട്, വയനാട് ജില്ലകളെ ആശ്രയിക്കണം. കൊണ്ടോട്ടിയിലെയും നിലമ്പൂരിലെയും ഗവ.കോളേജുകളിൽ കൂടുതൽ പേരെ ഉൾക്കൊള്ളാനാവില്ല. പിന്നെയുള്ളത് സമീപപ്രദേശങ്ങളിലെ സെൽഫ് ഫിനാൻസിംഗ് കോളേജുകളാണ്. സുല്ലമുസ്സലാം മാനേജ്മെന്റിന് കീഴിലുള്ള എയ്ഡഡ് കോളേജിലും ഏതാനും കോഴ്സുകൾ മാത്രമുള്ള അൽ അൻവാർ കോളേജിലും ബിരുദ പ്രവേശനം ലഭിക്കണമെങ്കിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് വേണം. മറ്റു മണ്ഡലങ്ങളിൽ നിന്നടക്കം അപേക്ഷകരെത്തുമ്പോൾ മാർക്കിന്റെ അടിസ്ഥാനത്തിൽ പലർക്കും അഡ്മിഷൻ ലഭിക്കാറില്ല.

എന്തു ചെയ്യും ?

കാലിക്കറ്റിൽ ബിരുദത്തിനായി ഇത്തവണ അപേക്ഷിച്ചവർ - 1,06,000

ആകെയുള്ള ഗവ.കോളേജുകൾ - 9

പ്ലസ്‌ടു കഴിയുന്ന വിദ്യാർത്ഥികളിൽ 15 ശതമാനത്തിനേ ഗവ. കോളേജിൽ പഠിക്കാൻ അവസരമുള്ളൂ. സൗകര്യങ്ങൾ ഗവ.മേഖലയിൽ തന്നെ ഒരുക്കി നൽകണം.

കബീർ മുതുപറമ്പ്

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ഗവ.കോളേജുകളിലാണ് അസൗകര്യങ്ങളുള്ളത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നതിൽ സംശയമില്ല.

എൽ.ആദിൽ

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്