ffff

മലപ്പുറം: ജില്ലയിൽ കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ഇന്ധനക്ഷാമം. പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ ഡിപ്പോകളിലെ പമ്പുകളിൽ ഡീസൽ സ്റ്റോക്ക് ഇന്നലെ തീർന്നു. ഉച്ചയോടെ തന്നെ ഡീസൽക്ഷാമം രൂക്ഷമായിരുന്നു. ദീർഘദൂരമടക്കം പ്രധാന സർവീസുകളെ ബാധിച്ചിട്ടില്ല. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ സർവീസുകൾ വെട്ടിക്കുറയ്ക്കും. തൃശൂരിലേക്ക് പോവുന്ന ബസുകൾ അവിടെ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. മലപ്പുറം ഡിപ്പോയിലെ ബസുകൾ പെരിന്തൽമണ്ണയിൽ നിന്നും. പെരിന്തൽമണ്ണയിൽ സ്റ്റോക്ക് തീ‌ർന്നത് രണ്ട് ഡിപ്പോകളെയും ഒരുപോലെ ബാധിക്കും. ജില്ലയിൽ കൂടുതൽ സ‌ർവീസുകളുള്ള ഡിപ്പോകളാണ് ഇവ രണ്ടും. ഈമാസം തുടക്കത്തിൽ ഡീസൽക്ഷാമം രൂക്ഷമായതോടെ കിലോമീറ്ററിന് 45 രൂപ വരുമാനമുള്ള റൂട്ടുകളിലെ ബസുകൾക്ക് സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ അടിക്കാൻ അനുമതിയേകിയിരുന്നു. ഇതാണ് ഇന്ധനപ്രതിസന്ധിക്കിടയിലും ജില്ലയിലെ പല സർവീസുകളെയും നിലനിറുത്തിയത്. എന്നാൽ ഇതിനുള്ള അനുമതി എടുത്തുകളയുകയും സമയബന്ധിതമായി ഡീസൽ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തത് തിരിച്ചടിയായി.

ഇങ്ങനെ എങ്കിൽ എങ്ങനെ ഓടിക്കും

ഓണക്കാലത്ത് വരുമാനം വർദ്ധിപ്പിക്കാൻ കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി പറയുമ്പോഴാണ് ഉള്ള സർവീസുകൾ തന്നെ നിലനിറുത്താൻ പാടുപെടുന്നത്. സെപ്തംബർ ഒന്നിന് സ്‌കൂൾ പരീക്ഷകൾ അവസാനിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് നാല്, നിലമ്പൂർ, പൊന്നാനി, മലപ്പുറം ഡിപ്പോകളിൽ നിന്ന് രണ്ട് വീതം 12 അധിക സർവീസുകളാണ് പ്ലാൻ ചെയ്തിട്ടുള്ളത്. സെപ്തംബർ രണ്ട് മുതൽ 13 വരെ ഡ്രൈവർ, കണ്ടക്ടർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്ക് അവധി എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ധന കുടിശ്ശിക കൊടുത്തു തീർ‌ക്കാനുണ്ട്. സർവീസുകൾ മുടങ്ങാതിരിക്കാൻ ശ്രമങ്ങൾ നടത്തും. ഇന്ധനം ഉടൻ എത്തുമെന്നാണ് പ്രതീക്ഷ.

മുഹമ്മദ് അബ്ദുൽ നാസർ,​ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ