
മലപ്പുറം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന യൂത്ത് അത്‌ലറ്റിക്സ് മീറ്റിൽ മലപ്പുറം ജില്ലയ്ക്ക് നാലാം സ്ഥാനം. 91 പോയിന്റാണ് മലപ്പുറം കരസ്ഥമാക്കിയത്. നാല് സ്വർണ്ണമുൾപ്പെടെ രണ്ട് വെള്ളിയും അഞ്ച് വെങ്കലവും മലപ്പുറം സ്വന്തമാക്കി. വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ സി.എസ്. ദേവിക 10.79 മീറ്റർ ചാടി സ്വർണ്ണം നേടി. 3000 മീറ്ററിൽ അലൻ ബിജു 9 മിനിറ്റ് 30.36 സെക്കന്റിൽ ഫിനിഷ് ചെയ്ത് സ്വർണ്ണം നേടി. 10,000 മീറ്ററിൽ ജിതിൻ രാജ് 53 മീറ്റർ 50.97ൽ ഫിനിഷ് ചെയ്താണ് സ്വർണ്ണം നേടിയത്. ഹൈജപിംൽ 1.88 മീറ്റർ ചാടി മുഹ്സിനും സ്വർണ്ണം നേടി. ആദ്യ ദിനം അഞ്ചാം സ്ഥാനത്തായിരുന്ന മലപ്പുറം രണ്ടാം ദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് നാലാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ മീറ്റിൽ രണ്ടാം സ്ഥാനത്തായിരുന്ന പാലക്കാടാണ് ഇത്തവണ ജേതാക്കളായത്. കോഴിക്കോട് രണ്ടാം സ്ഥാനവും കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി.