
മലപ്പുറം: നാടിന്റെ വികസനത്തിന് ആവശ്യമെങ്കിൽ പ്രിയപ്പെട്ടവരുടെ കബറിടങ്ങൾ പോലും ത്യജിക്കണമെന്ന നല്ല പാഠമേകുകയാണ് പൊന്നാനി പാലപ്പെട്ടിയിലെ ബദർ പള്ളി കമ്മിറ്റിയും നാട്ടുകാരും. ദേശീയപാത വികസനത്തിനായി ഒരു നൂറ്റാണ്ടോളം പഴക്കമുള്ള രണ്ടേക്കർ കബർസ്ഥാനിലെ 45 സെന്റ് സ്ഥലത്തെ 314 കബറുകളാണ് പള്ളിക്കമ്മിറ്റി പൊളിച്ചുമാറ്റിയത്. 15 മുതൽ 80 വർഷം വരെ പഴക്കമുള്ളവയാണിവ. പ്രദേശത്തെ കൂട്ടായ്മയായ ദാറുൽ ആഹിറ മയ്യത്ത് പരിപാലന കമ്മിറ്റിയിലെ 30 അംഗങ്ങളും 15 പ്രദേശവാസികളും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ രണ്ട് ദിവസമെടുത്താണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്. എല്ലുകളും പഴകിയ തുണിയുമാണ് ഉണ്ടായിരുന്നത്. 110 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കളുടെ കബറിടങ്ങൾക്ക് സമീപം കുഴിയുണ്ടാക്കിയും ശേഷിച്ച 204 പേരുടേത് രണ്ടു വലിയ കബറുകളുണ്ടാക്കിയും അടക്കം ചെയ്തു. മഹല്ലിലെ 1,700 ഓളം വരുന്ന കുടുംബങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ രണ്ടുതവണ പള്ളിക്കമ്മിറ്റി യോഗം വിളിച്ചിരുന്നു. കബർസ്ഥാൻ വിട്ടുകൊടുക്കാൻ ഐകകണ്ഠ്യേനയാണ് തീരുമാനിച്ചതെന്ന് മഹല്ല് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എ.എം. അലി മൗലവി പറഞ്ഞു. ദേശീയപാതയ്ക്കായി വിട്ടുകൊടുക്കുന്ന ഭാഗത്ത് കബറുകൾ നിറഞ്ഞതിനാൽ 15 വർഷമായി ഇവിടെ അടക്കം ചെയ്യാറില്ല.
ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചു
കബർസ്ഥാനോട് ചേർന്നുള്ള മൂന്ന് മുറി കെട്ടിടവും പൊളിക്കുന്നുണ്ട്. 1.65 കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. പള്ളിയുടെ 16 മുറികളുള്ള ഇരുനില ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചു. നഷ്ടപരിഹാരമായ 2.19 കോടി രൂപ വഖഫ് ബോർഡിന് ലഭിച്ചു. അനുയോജ്യമായ പദ്ധതികൾ വഖഫ് ബോർഡിൽ സമർപ്പിക്കുന്ന മുറയ്ക്ക് പള്ളിക്കമ്മിറ്റിക്ക് തുക അനുവദിക്കും. ഷോപ്പിംഗ് കോംപ്ലക്സ്, മൂന്ന് മദ്രസകളുടെയും പള്ളിയുടെയും അറ്റകുറ്റപ്പണി, അംഗശുദ്ധിക്കുള്ള സൗകര്യം, ടോയ്‌ലെറ്റ് നിർമ്മാണം എന്നിവ അടങ്ങിയ പ്രൊജക്ട് പള്ളിക്കമ്മിറ്റി സമർപ്പിച്ചിട്ടുണ്ട്.