
മലപ്പുറം: ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു. മുൻ ദിവസങ്ങളിൽ ഉണ്ടായ മഴയെ തുടർന്നു അപകട ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ താഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂമുകളും താലൂക് ഐ.ആർ.എസും പ്രവർത്തിക്കുന്നുണ്ട്. ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള മുൻകരുതൽ നടപടികൾ ഓരോ വകുപ്പുകളും സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് മാറി താമസിക്കേണ്ടവർ സഹകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.