road
കുമരംപുത്തുർ - ഒലിപ്പുഴ സംസ്ഥാന പാതയിലെ കുഴികൾ

അലനല്ലൂർ: കുമരംപുത്തുർ - ഒലിപ്പുഴ സംസ്ഥാന പാത തകർന്ന് തരിപ്പണം. യാത്രക്കാർ ദുരിതത്തിൽ. റോഡിലുടനീളമുള്ള വലിയ കുഴികളാണ് യാത്രക്കാർക്ക് ഭീഷണിയുയർത്തുന്നത്. രണ്ടാഴ്ച തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് ശേഷമാണ് റോഡിൽ അടുത്തടുത്തായി കുഴികൾ നിറഞ്ഞത്. ഇതോടെ ചെറുതും വലുതുമായ അപകടങ്ങളും മേഖലയിൽ പതിവ് കാഴ്ചയായിരിക്കുകയാണ്.

റോഡിലെ കുഴികളിൽ വീണ് ഇതുവരെ രണ്ടു ജീവൻ നഷ്ടമായിട്ടുണ്ടിവിടെ. വലിയ കുഴികളിലും മറ്റും ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും ഇരകളാകുന്നത്. 20 കിലോമീറ്ററോളം വരുന്ന കുമരംപുത്തൂർ മുതൽ ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറ വരെയുള്ള ഭാഗങ്ങളിലും കല്യാണകാപ്പ് വളവ്, അരിയൂർ പാലത്തോട് ചേർന്നുള്ള കയറ്റത്തിലും ഉണ്ണിയാൽ ഷാപ്പും പടിയിലും മാത്രമാണ് മഴയ്ക്ക് മുമ്പേ ടാറിംഗ് നടത്തിയത്. മറ്റു ഭാഗത്ത് കാര്യമായ ഒരു പ്രവൃത്തിയും നടന്നിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.

ടെൻഡർ ക്ഷണിച്ചിട്ടും എടുക്കാൻ ആളില്ല

അറ്റകുറ്റപ്പണിക്കായി പൊതുമരാമത്ത് നിരത്തു വിഭാഗം രണ്ടു തവണ ടെൻഡർ ക്ഷണിച്ചിട്ടും എടുക്കാൻ ആളില്ലാതായതാണ് റോഡ് നവീകരണം നീണ്ടുപോയതിന് കാരണമെന്ന് അധികൃതർ പറയുന്നു.

കുമരംപുത്തൂർ മുതൽ അലനല്ലൂർ കലങ്ങോട്ടിരി ക്ഷേത്രം വരെയുള്ള 11.5 കിലോമീറ്റർ ഭാഗത്തെ കുഴികൾ അടുത്ത ദിവസങ്ങളിലായി അടയ്ക്കും. കലങ്ങോട്ടിരി ക്ഷേത്രം മുതൽ ജില്ലാ അതിർത്തി വരെയുള്ള ഭാഗത്തെ പ്രവൃത്തി മെയിന്റനൻസ് വിംഗിന്റെ നേതൃത്വത്തിൽ നടത്തുമെന്നും അധികൃതർ പറഞ്ഞു.