
പാലക്കാട്: ചോറും രണ്ടുകൂട്ടം കറിയും, ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും സ്കൂളിലെ ഉച്ചഭക്ഷണ മെനു കിടിലനാണ്. എന്നാൽ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ കീറിക്കീറി കീശയില്ലാതായ അവസ്ഥയിലാണ് അദ്ധ്യാപകർ. പ്രത്യേകിച്ചും പ്രധാനാദ്ധ്യാപകനും ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകനും. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പി.ടി.എകളും പ്രതിസന്ധിയിലാണ്. ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാറിൽ നിന്ന് ഫണ്ട് കിട്ടാത്തതാണ് പ്രശ്നം. ഫലപ്രദമായ പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ ഉച്ചഭക്ഷണം മുടങ്ങുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.
കുറഞ്ഞ കുട്ടികളുള്ള സ്കൂളുകളെയാണ് പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. 150-ൽ താഴെ കുട്ടികളുള്ള സ്കൂളിൽ ഒരു കുട്ടിക്ക് ദിവസം എട്ട് രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയിൽ ഈ തുകയ്ക്ക് പകുതി സാധനങ്ങൾപോലും വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇതിന് പുറമേ ആഴ്ചയിൽ രണ്ടു ദിവസം 150 മില്ലി ലിറ്റർ പാലും ഒരു ദിവസം കോഴിമുട്ടയും നൽകണം. പച്ചക്കറി, പലവ്യഞ്ജനങ്ങൾ, ഗ്യാസ് എന്നിവ വാങ്ങേണ്ടത് ബാക്കി പണം ഉപയോഗിച്ചാണ്. അരിയും പാചകക്കൂലിയും മാത്രമാണ് സർക്കാർ നൽകുന്നത്. പല സ്കൂളുകളും മാസത്തിൽ 4000 രൂപയോളം കടത്തിലാണ്. ഇതിന് അടിയന്തരമായി പരിഹാരം വേണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
2016-ൽ അനുവദിച്ച നിരക്കാണ് എട്ട് രൂപ എന്നത്. അതിന് ശേഷം സാധനങ്ങൾക്ക് പത്തിരട്ടിയോളം വില വർദ്ധിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് 15 രൂപയെങ്കിലും കിട്ടിയെങ്കിലേ നിലവിലെ സ്ഥിതിയിൽ പദ്ധതി വിജയിക്കൂ. കഴിഞ്ഞ ജൂണിൽ ഉച്ചഭക്ഷണത്തിനായി ചെലവഴിച്ച തുക പല സ്കൂളുകൾക്കും നൽകിയിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ നൽകുന്ന 2000 രൂപ വീതമുള്ള അലവൻസും വിതരണം ചെയ്തിട്ടില്ല. ഫണ്ട് വിതരണം ഇനിയും നീണ്ടാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം നിലക്കും.
 ആഴ്ചയിൽ അഞ്ചു ദിവസം ഒരു കുട്ടിക്ക് 40 രൂപയാണ് ലഭിക്കുക. ഇതിൽ മുട്ടയ്ക്ക് 5.50 രൂപയും പാലിന് 24 രൂപയും നൽകിയാൽ ബാക്കി വരുന്നത് 10.50 രൂപ. ഇത് അഞ്ചു ദിവസത്തെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാൻ വേണ്ടതിന്റെ പകുതി പോലുമാവില്ല.
 ആദ്യത്തെ 150 കുട്ടികൾക്ക് എട്ട് രൂപയും 350 വരെ ഏഴ് രൂപയും പിന്നീട് ഒരു കുട്ടിക്ക് ആറ് രൂപയുമാണ് നൽകുന്നത്. കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ശരാശരി ഏഴ് രൂപ ലഭിക്കും. 100 കുട്ടികളുള്ള സ്കൂളിന് ഒരുനേരത്തെ ഭക്ഷണത്തിന് 800 രൂപയാണ് ലഭിക്കുക.