പാലക്കാട്: ഞാലിപ്പൂവൻ കർഷകർക്കിത് നല്ലകാലം. രണ്ട് മാസത്തിനിടെ വർദ്ധിച്ചത് 20 രൂപയിലധികം. ഏപ്രിലിൽ ഞാലിപ്പൂവൻ പഴത്തിന് മൊത്തവില 35 രൂപ വരെയും ചില്ലറ വില്പന വില 50 രൂപ വരെയുമായിരുന്നു. ഇപ്പോഴിത് യഥാക്രമം 55, 70 രൂപയായി ഉയർന്നിട്ടുണ്ട്. ചില സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും കിലോയ്ക്ക് 100 രൂപ വരെയാണ് ഞാലിപ്പൂവന്റെ വില.
കഴിഞ്ഞമാസം പകുതിയോടെ പെയ്ത ശക്തമായ മഴയിൽ ജില്ലയിലെ പ്രാദേശിക ഉത്പാദനത്തിൽ വലിയ കുറവുണ്ടായി. ഇതാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിൽ പലയിടങ്ങളിലും കുലച്ച വാഴകൾ നിലംപൊത്തിയതും തിരിച്ചടിയായി. കേരളത്തിൽ ഞാലിപ്പൂവൻ ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് വില്പനയ്‌ക്കെത്തുന്നതിൽ കൂടുതലും മറുനാടനാണെന്ന് കച്ചവടക്കാർ പറയുന്നു.
പൂവൻ പഴത്തിനും വിലകൂടി
ഞാലിപ്പൂവന് പിന്നാലെ പൂവൻ പഴത്തിനും വിലകൂടിയിട്ടുണ്ട്, 50 - 58 രൂപയാണ് വില. റോബസ്റ്റ വിലയും 26 രൂപയിൽ നിന്ന് 34 രൂപയിലെത്തി. കണ്ണൻ പഴം നാടന് 30 - 35 രൂപയും കദളി പഴത്തിന് 40 രൂപയുമായി വില കൂടിയിട്ടുണ്ട്.
അതേസമയം, നേന്ത്രൻ നാടന് 57 രൂപ വരെയായിരുന്ന ചില്ലറവില 48 രൂപ വരെയായി കുറഞ്ഞു. മറുനാടൻ ഏത്തപ്പഴത്തിന്റെ വില 52 രൂപയുണ്ടായിരുന്നത് 56 രൂപ വരെയായി. വിപണിയിൽ ലഭ്യത കൂടിയതാണ് നാടൻ ഏത്തക്കായയ്ക്ക് വില ഇടിയാൻ കാരണം.
ഓണത്തിനോട് അടുപ്പിച്ചുള്ള ഉയർന്ന ആവശ്യകത കണക്കാക്കി രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തന്നെ വിലയിൽ കാര്യമായ വർദ്ധനയുണ്ടാകുമെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.