rain
ശ​ക്ത​മാ​യ​ ​മ​ഴ​യി​ൽ​ ​നെ​ല്ലി​യാ​മ്പ​തി​ ​ചെ​റു​നെ​ല്ലി​ക്ക് ​സ​മീ​പം​ ​ഉ​രു​ൾ​പൊ​ട്ടി​യ​പ്പോൾ.

നെല്ലിയാമ്പതി: ശക്തമായ മഴയിൽ നെല്ലിയാമ്പതി മേഖലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. നെല്ലിയാമ്പതി ചുരം പാതയിൽ ചെറുനെല്ലിക്ക് സമീപത്തായി രണ്ടിടത്തും ലില്ലി എസ്റ്റേറ്റ് മേഖലയിലുമാണ് ഉരുൾപൊട്ടിയത്. ചുരം പാതയിൽ ഉരുൾപൊട്ടലിൽ ഭിത്തി തകർന്നു. 100 മീറ്ററോളം ഒലിച്ചുപോയി. പ്രദേശത്ത് മഴ തുടരുന്നതിനാൽ വലിയ വാഹനങ്ങൾക്ക് ചുരം പാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കാരപ്പാറപ്പുഴയിൽ വെള്ളം കൂടിയതിനെ തുടർന്ന് ലില്ലി ഭാഗം ഒറ്റപ്പെട്ടു. ലില്ലി എസ്റ്റേറ്റിൽ ഉരുൾപൊട്ടലിൽ തേയില, കാപ്പിച്ചെടികൾ ഒലിച്ചുപോയി.

നെല്ലിയാമ്പതി ചുരം പാതയിൽ നിരവധി ഭാഗത്ത് മണ്ണിടിഞ്ഞും മരങ്ങൾ വീണും ഗതാഗതം ഭാഗികമായി മുടങ്ങി. നൂറടിപ്പുഴ കരകവിഞ്ഞതോടെ ഈ ഭാഗത്തെ 25 ലധികം വീടുകളും കടകളിലും വെള്ളം കയറി. ഇവരെ തിങ്കളാഴ്ച രാത്രിയോടെ പാടഗിരിയിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തിങ്കളാഴ്ച രാത്രിയിൽ തുടങ്ങിയ മഴയ്ക്ക് നെല്ലിയാമ്പതി മേഖലയിൽ ശമനമായിട്ടില്ല. കൂനംപാലത്തിന് സമീപം നൂറടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ കൂനംപാലം ജുമാമസ്ജിദിൽ വെള്ളം കയറി. മദ്രസയിലും പള്ളിക്കകത്തും പൂർണമായും വെള്ളം കയറിയിട്ടുണ്ട്. നൂറടിപ്പുഴ ഇരു കരയും മുട്ടിയൊഴുകുന്നതിനാൽ നൂറടി ടൗൺ പൂർണമായും ഇന്നലെ പുലർച്ചെയോടെ വെള്ളത്തിലായി. ഈ ഭാഗത്തെ വീടുകളും കച്ചവട സ്ഥാപനങ്ങളിലും റിസോർട്ടുകളിലും വെള്ളം കയറി. നെല്ലിയാമ്പതി ആയുർവേദ ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി വെള്ളം ഉയർന്നതോടെ അധികൃതരുടെ നേതൃത്വത്തിൽ നൂറടി ഭാഗത്തുള്ള 24 കുടുംബങ്ങളെ പാടഗിരിയിലുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
പോത്തുണ്ടി കൈകാട്ടി ചുരം പാതയിലേക്ക് വീണ മരങ്ങളും ചളിയും മണ്ണും റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ നേതൃത്വത്തിൽ രണ്ടു ജെ.സി.ബി ഉപയോഗിച്ച് നീക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മഴ തുടരുന്നതിനാൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം വെള്ളിയാഴ്ച്ച വരെ നിരോധിച്ചു.

14 വീടുകളിൽ വെള്ളംകയറി

ഒലിപ്പാറ തെങ്ങും പാടം പുത്തൻകാടിൽ 14 വീടുകളിൽ വെള്ളം കയറി. കൽച്ചാടി പുഴയിൽ അമിതവെള്ള പ്രവാഹം ഉണ്ടായതിനെ തുടർന്ന് സമീപത്തെ തോട്ടിൽ വെള്ളം ഉയർന്നതാണ് വീടുകളിൽ വെള്ളം കയറാനിടയാക്കിയത്. ബോബൻ ഐസക്, ലൂസി, ലൂസി തോമസ്, ബേബി, കൃഷ്ണൻകുട്ടി, ബാബു, അനിത പ്രകാശൻ, സുരേഷ്, ചെല്ലപ്പൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചിറ്റൂർ തഹസിൽദാർ, വില്ലേജ്, റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജാഗ്രത നിർദ്ദേശം നൽകി അടിപ്പെരണ്ട, തോടുകാട്, പറയമ്പള്ളം, ആലമ്പള്ളം എന്നിവിടങ്ങളിൽ നെൽപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. കുറുമ്പൂരിൽ 50 സെന്റ് പാവൽ തോട്ടം മഴയിൽ നശിച്ചു. അടിപ്പെരണ്ട നടുപ്പതിയിൽ മൂന്ന് ഏക്കർ മഞ്ഞൾ കൃഷിയിൽ മണ്ണും വെള്ളവും കയറി. മരുതഞ്ചേരി, പൂഞ്ചേരി, കൽച്ചാടി കോളനി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മരുതഞ്ചേരിയിൽ കൽച്ചാടി പുഴ കരകവിഞ്ഞ്, റബ്ബർ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളിലൂടെ ഗതി മാറി ഒഴുകി.