-rain
അ​പ​ക​ടമരികെ...​ ​കനത്ത മ​ഴ​യെ​ ​തു​ട​ർ​ന്ന് ​മു​ട​പ്പ​ല്ലൂ​ർ​ ​ക​രി​പ്പാ​ലി​ ​നി​ലം​പ​തി​ ​പാ​ല​ത്തി​ന് ​മു​ക​ളി​ലു​ടെ​ ​വെ​ള്ളം​ ​ക​വി​ഞ്ഞൊഴു​കുന്നു.​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​യുവാ​ക്ക​ൾ​ ​മൊബൈൽ ഫോണിൽ ഫോ​ട്ടോ​ ​എ​ടു​ക്കു​ന്നതും കാണാം.

പാലക്കാട്: ജില്ലയിലെ ഡാമുകളിലെ ജല നിരപ്പ് കൃത്യമായി നിയന്ത്രിക്കാനും 24 മണിക്കൂറും ജലനിരപ്പ് നിരീക്ഷിക്കാനും ഡാമുകൾ തുറക്കുന്നതുമായി ബദ്ധപ്പെട്ട് തമിഴ്നാടുമായി കൃത്യമായ ആശയവിനിമയം നടത്താനും എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി. മഴ ശക്തമായതിനെ തുടർന്ന് അടിയന്തരമായി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിയോജക മണ്ഡല അടിസ്ഥാനത്തിൽ കൃഷി, വീടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങൾ എത്രയും വേഗം വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു. കൃഷിയുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ജില്ലാ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി.

മണ്ണാർക്കാട് താലൂക്കിലെ വെള്ളത്തോട്, പാപ്പത്തോട് പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 50 ഓളം കുടുംബങ്ങളെ കാഞ്ഞിരപ്പുഴയിൽ രണ്ട് സ്‌കൂളുകളിലായി പ്രവർത്തിക്കുന്ന ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. നെല്ലിയാമ്പതിയിലും രണ്ട് ഇടങ്ങളിലായി 50 ഓളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പുകൾ തുറന്ന സ്ഥലങ്ങളിൽ ആളുകൾക്ക് ആവശ്യ മരുന്നുകൾ ആരോഗ്യ വകുപ്പ് എത്തിക്കുന്നുണ്ട്.

അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ഓൺലൈനായി നടന്ന യോഗത്തിൽ എം.എൽ.എമാരായ കെ.ബാബു, കെ.ശാന്തകുമാരി, കെ.ഡി. പ്രസേനൻ, എൻ. ഷംസുദീൻ, മമ്മി കുട്ടി, സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ, കളക്ടർ മൃൺ മയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥൻ, ഒറ്റപ്പാലം സബ് കളകർ ധർമ്മലശ്രീ, എ.ഡി.എം. മണികണ്ഠൻ, ഇറിഗേഷൻ, കെ.എസ്.ഇ.ബി, കൃഷി, പൊലീസ്, ഫയർ ആൻഡ്, ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ,​ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.