harthal

ചിറ്റൂർ: ചിറ്റൂരും നെന്മാറയിലും ഇന്ന് ഹർത്താൽ ആചരിക്കും. ചിറ്റൂർ മണ്ഡലത്തിൽ പൂർണമായും നെന്മാറ മണ്ഡലത്തിൽ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. കേരളത്തിനു കൂടി അവകാശപ്പെട്ട വെള്ളമുള്ള ആളിയാർ ഡാമിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള ഒട്ടൻ ഛത്രത്തിലേക്ക് തമിഴ്നാട് വെള്ളം കടത്താൻ ശ്രമിക്കുന്നതിനെതിരെയാണ് ഹർത്താൽ. പദ്ധതി നടപ്പായാൽ ചിറ്റൂർ താലൂക്കിലെ മൂലത്തറ, കമ്പാലത്തറ, മീങ്കര, ചുള്ളിയാർ അണകളിലേക്ക് വെള്ളം ലഭിക്കാതെ വരും. പ്രളയവും അതിശക്തമായ മഴയും ലഭിച്ചതുകൊണ്ടു മാത്രം ഏതാനും വർഷങ്ങളായി രൂക്ഷമായ ജലക്ഷാമം നേരിടാത്ത സ്ഥലങ്ങളാണ് ചിറ്റൂർ നെന്മാറ മണ്ഡലങ്ങൾ.

യു.ഡി.എഫിന്റെ ഹർത്താൽ രാഷ്ട്രീയ പ്രേരിതമെന്ന് ജനതാദൾ (എസ്)

ഒട്ടൻഛത്ര കുടിവെള്ളത്തിന്റെ പേരിൽ യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ രാഷ്ട്രീയ പ്രേരിതമെന്ന് ജനതാദൾ (എസ്). യു.ഡി.എഫ് നടത്തുന്ന ഹർത്താൽ രാഷ്ടീയ പ്രേരിതവും ഒരുതരത്തിൽ ചില രാഷ്ട്രീയ നേതാക്കന്മാർ നടത്തിയ കള്ളത്തരങ്ങൾ മൂടിവയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതുമാണെന്ന് വേണം കരുതാൻ.
പാലാറിലും നല്ലാറിലും തടയണകൾ നിർമ്മിക്കാൻ നടപടികളാരംഭിച്ചപ്പോൾ തമിഴ്നാടിനെ പിണക്കാൻ ഞാനില്ലെന്ന് അന്നത്തെ ചിറ്റൂർ എം.എൽഎ കെ. അച്ചുതൻ പറഞ്ഞതിനെതിരെ ഈ ഹർത്താലിനാഹ്വാനം ചെയ്തവർ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ജനതാദൾ(എസ്) ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. ചെന്താമര അദ്ധ്യക്ഷതവഹിച്ചു,.

പറമ്പിക്കുളം-ആളിയാർ കരാറിന് വിരുദ്ധമായി തമിഴ്നാട് ഒട്ടൻചത്രം ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനുള്ള നീക്കമുണ്ടായപ്പോൾ തന്നെ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി
മേയ് 25 നും ജൂലായ് 15നും കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പദ്ധതി നിറുത്തിവെയ്ക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ മുഖ്യമന്ത്രിതലത്തിൽ നടത്തി വരുന്നുണ്ട്.