 
കൊല്ലങ്കോട്: രണ്ടു ദിവസമായി പെയ്ത മഴയിൽ വിവിധ ഇടങ്ങളിൽ വ്യാപക കൃഷിനാശം. ഓണം വിപണി ലക്ഷ്യമിട്ട പച്ചക്കറി കൃഷിയെല്ലാം വെള്ളത്തിൽ നശിച്ചിരിക്കുകയാണ്. പച്ചക്കറി ഗ്രാമമെന്നറിയപ്പെടുന്ന പനങ്ങാട്ടരി, എലവഞ്ചേരി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൃഷിനശമുള്ളത്. മലനിരയിലെ ഇരുപതോളം ചെറുതും വലുതുമായ വെള്ളച്ചാട്ടത്തിലുടെ ഒഴുകിയെത്തിയ വെള്ളം ഇക്ഷു നദി കരകവിഞ്ഞൊഴുകാനും ഇരുന്നൂറോളം ഏക്കർ കൃഷയിടം വെള്ളത്തിനടിയിലാവാനും ഇടയാക്കി. പനങ്ങാട്ടിരി, മൊടക്കോട്, പുഴപ്പാറ, കുമ്പളക്കോട്, പടിഞ്ഞാമുറി, എലവഞ്ചേരി മലയോര മേഖലകളിലെ നൂറോളം ഏക്കർ പച്ചക്കറിയും പന്തലും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.
ഗോപാലകൃഷ്ണൻ, എ.വി. മണികണ്ഠൻ, എം.എസ്. മോഹനൻ, എസ്. സുരേന്ദ്രൻ, പ്രസാദ്, രാജേന്ദ്രൻ, ശിവദാസ് തുടങ്ങിയ അമ്പതോളം കർഷകരുടെ പച്ചക്കറിയും പന്തലും, പറിച്ചെടുക്കാൻ പാകമായ പച്ചക്കറിയുമാണ് നശിച്ചത്. കളപറി കഴിഞ്ഞ് രാസവള പ്രയോഗം നടത്തിയ നൂറോളം ഏക്കർ നെൽകൃഷിയും വെള്ളക്കെട്ടിൽ നശിച്ചു.
കർഷകർക്ക് നഷ്ടക്കണക്ക് മാത്രം ബാക്കി
ഓണവിപണിയെ ലക്ഷ്യമിട്ട് പച്ചക്കറി കൃഷിയിറക്കിയ കർഷകർക്ക് ഇത്തവണ നഷ്ടത്തിന്റെ കണക്ക് മാത്രം. കൃഷിഭൂമി പാട്ടത്തിനെടുത്തും ബാങ്ക് വായ്പയെടുത്തും കൃഷിയിറക്കിയ കർഷകർക്ക് ജൂൺ മാസത്തോടെ വിളവെടുപ്പ് തുടങ്ങിയെങ്കിലും മതിയായ വില ലഭിച്ചിരുന്നില്ല. ജൂലായ് രണ്ടാം വാരത്തോടെയാണ് പാവൽ, പടവലം പയർ എന്നിവയ്ക്ക് മികച്ച വില ലഭിക്കാൻ തുടങ്ങിയത്. പച്ചക്കറിക്കായി തയ്യാറാക്കിയ പന്തലിൽ അഞ്ചു തവണ വിളവെടുപ്പ് കഴിഞ്ഞ കർഷകർ ഓണ വിപണി ലക്ഷ്യമാക്കി വീണ്ടും കുറച്ച് തൈകൾ വച്ച് തയ്യാറാക്കി വരുന്നുണ്ടായിരുന്നു. എന്നാൽ അവയെല്ലാം മഴയെടുത്തു. സ്ഥിരമായി നിർമ്മിച്ച കരിങ്കൽ തൂണിലുള്ള പന്തൽ പോലും വീണ് നശിച്ച നിലയിലാണ്.
കഴിഞ്ഞ ആഴ്ച പാവൽ മായയ്ക്ക് 30 മുതൽ 35 രൂപ വരേയും പ്രീതിക്ക് 40, പടവലം 18, വള്ളി പയർ-50, കുറ്റി പയർ-45 രൂപ വരേയും ലഭിച്ചിരുന്നു. മികച്ച വില ലഭിക്കുന്ന സമയത്താണ് കർഷകർക്ക് നഷ്ടത്തിന്റെ കണ്ണീരായി കൃഷി നാശം സംഭവിച്ചത്. മഴ കനത്തതോടെ പാവൽ മായയ്ക്ക് 25, പ്രീതി 42, പടവലം 12, വള്ളി പയർ 50, കുറ്റിപ്പയർ 40 എന്നീ നിരക്കിലാണ് ഇന്നലെ വി.എഫ്.പി.സി.കെ വഴി വിപണനം നടത്തിയത്.
- പ്രിയങ്ക, അസി.മാനേജർ. വി.എഫ്.പി.സി.കെ, എലവഞ്ചേരി.