 
പട്ടിക്കാംതോട് പാലത്തിന് സമീപം റോഡിന്റെ വശമിടിഞ്ഞ് അപകടത്തിൽപ്പെട്ട ലോറി.
ചെർപ്പുളശ്ശേരി: തൂത പട്ടിക്കാം തോടിനു കുറുകെയുള്ള പാലത്തിന്റെ തൂണിലെ കല്ലുകൾ അടർന്നു വീണതിനെ തുടർന്ന് പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര നിരോധിച്ചു. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം സി.പി.എം കാറൽമണ്ണ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്ന് ഒപ്പുശേഖരിച്ച് നഗരസഭാ ഭരണസമിതിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ നഗരസഭ അസി. എൻജിനിയർ പാലത്തിന്റെ നിലവിലുള്ള സ്ഥിതി പരിശോധിക്കുകയും ചെയ്തു. ഇന്നലെ പാലത്തിനു സമീപത്ത് വീട്ടിക്കാട് ക്വാറിയിൽ നിന്നുള്ള ടോറസ് ലോറി റോഡിന്റെ വശം ഇടിഞ്ഞു അപകടത്തിൽ പെടുകയുമുണ്ടായി. ഇതേ തുടർന്ന് നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ, നഗരസഭ സെക്രട്ടറി, അസി. എൻജിനിയർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച് പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ലോറി ഉയർത്തുന്നതിനിടെ റോഡ് ഇടിഞ്ഞു ജെ.സി.ബിയും അപകടത്തിൽപ്പെട്ടു. തലനാരിഴക്കാണ് ഡ്രൈവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പാലത്തിൽ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡും സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.