rain
നൂറടി പ്രദേശത്തെ വെള്ളക്കെട്ട്

നെല്ലിയാമ്പതി: മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതി നൂറടി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. ആയുർവേദ ആശുപത്രി, നൂറടിപാലം സബ്‌സെന്റർ, നൂറടിപാലം അങ്കൺവാടി കൂടാതെ ഇരുപതോളം കടകളിലും വീടുകളിലും രണ്ടാം തവണയും വെള്ളം കയറി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെയ്ത ശക്തമായ മഴയെ തുടർന്നാണ് നൂറടി പ്രദേശം ഇതിന് മുമ്പ് വെള്ളത്തിനടിയിലായത്.

ഇത് കൂടാതെ ലില്ലി, അലക്സാൻഡ്രിയ, സീതാർക്കുണ്ട്, കോട്ടയങ്ങാട് പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. പാടഗിരി, നൂറടി പ്രദേശങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്നും 27 പേരെ ദുരിതശ്വാസ ക്യാമ്പിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്. പടഗിരിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ കൈകാട്ടി ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി സാബു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ആരോഗ്യം ജോയസൺ, അസ്ഫൽ. ബി, സൈനു സണ്ണി, വില്ലേജ് ഓഫീസർ സിയാദ് എന്നിവർ ക്യാമ്പ് ചെയ്ത് നിവാസികളെ സന്ദർശിച്ചു. വൈദ്യപരിശോധനയും ബോധവത്കരണ ക്ലാസുകളും നൽകി.