 
ചിറ്റൂർ/ നെന്മാറ: പറമ്പിക്കുളം - ആളിയാർ കരാർ ലംഘനം നടത്തി തമിഴ്നാട് നടപ്പാക്കാൻ ശ്രമിക്കുന്ന ഒട്ടംഛത്രം ജലസേചന പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കോൺഗ്രസ് നടത്തിയ ഹർത്താൽ പൂർണം. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലും രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയായിരുന്നു ഹർത്താൽ.
കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഇതോടെ ഇരു മണ്ഡലങ്ങളിലെയും സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഹാജർ നില കുറവായിരുന്നു. സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയതിനാൽ വിദ്യാർത്ഥികൾ സ്കൂളിലെത്താനാകാതെ വലഞ്ഞു. നെന്മാറ, ചിറ്റൂർ മണ്ഡലങ്ങളിലാണ് ഹർത്താൽ ആചരിച്ചതെങ്കിലും പാലക്കാട് മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ നില കുറവായിരുന്നു. ഹർത്താലുമായി സഹകരിച്ച് ഓട്ടോ - ടാക്സി, ചരക്കു വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളിൽ രാവിലെ പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിച്ചെങ്കിലും സമരക്കാരെത്തി നിർബന്ധിച്ച് അടപ്പിച്ചു. എലവഞ്ചേരി - പാലക്കാട് - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് വടവന്നൂരിൽ സമരക്കാർ തടഞ്ഞ് നിറുത്തിച്ചു. ചിറ്റൂർ, തത്തമംഗലം, മീനാക്ഷി പുരം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ രാവിലെ വാഹനങ്ങൾ തടഞ്ഞ സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹർത്താലുമായി സഹകരിച്ചവരോട് നന്ദി: അഡ്വ. സുമേഷ് അച്യുതൻ
ചിറ്റൂർ: ഹർത്താലുമായി സഹകരിച്ചവരോട് സമരസമിതി ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ നന്ദി അറിയിച്ചു. ഒട്ടൻഛത്രം പദ്ധതിയുടെ ടെൻഡർ തുറക്കുന്ന ദിവസമായതിനാലാണ് ഇന്നലെ ഹർത്താൽ നടത്തിയത്. കേന്ദ്ര സർക്കാരിന്റെ അമൃത്, ജൽ ജീവൻ മിഷൻ പദ്ധതികളിൽ നിന്ന് 930 കോടി രൂപയാണ് ഒട്ടൻഛത്രം കുടിവെള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ചെലവഴിക്കുന്നത്. പി.എ.പി കരാറിൽ നിന്ന് ഭാരതപ്പുഴയ്ക്കു ലഭിക്കേണ്ട 7.25 ടി.എം.സി വെള്ളം 2018 ലെ പ്രളയത്തിനു മുമ്പുള്ള ജലവർഷങ്ങളിൽ കേരളത്തിന് ലഭിച്ചിരുന്നില്ല. 2016 -17 ജലവർഷത്തിൽ 4.37 ടി.എം.സിയും 2017 -18 ജലവർഷത്തിൽ 6.24 ടി.എം.സിയുമാണ് ലഭിച്ചത്. ഇപ്പോൾ ലഭിക്കുന്ന അതിവർഷം നിന്നാൽ അവകാശപ്പെട്ട വെള്ളം ഒരിക്കലും ലഭിക്കാത്ത തരത്തിൽ സംസ്ഥാനം ബുദ്ധിമുട്ടും. മൂലത്തറ, കമ്പാലത്തറ, കുന്നംപിടാരി,മീങ്കര, ചുള്ളിയാർ അണകൾ നിറയ്ക്കാൻ കഴിയാതെ വരും. കൃഷിയ്ക്കും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുകയും ഭാരതപ്പുഴയുടെ തീരം മരുഭൂമിയാകുകയും ചെയ്യാതിരിക്കാൻ ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം.