 
പാലക്കാട്: മലയോര മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്നും റെഡ് അലർട്ട്. ചിറ്റൂർ, മണ്ണാർക്കാട്, ആലത്തൂർ താലൂക്കുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ജില്ലയിൽ ആകെ 69 കുടുംബങ്ങളിൽ നിന്നായി 182 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.
ചിറ്റൂർ താലൂക്കിലെ നെല്ലിയാമ്പതിയിൽ പാടഗിരി പാരിഷ് പള്ളിയിൽ ഏഴ് കുടുംബങ്ങളിലെ 25 പേരെയും കയറാടി വില്ലേജിലെ വീഴ്ലിയിൽ ചെറുനെല്ലിയിൽ നിന്നുള്ള ഏഴ് കുടുംബങ്ങളിലെ 17 പേരെ ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് നിർമ്മിച്ച മൂന്ന് വീടുകളിലും മാറ്റി പാർപ്പിച്ചിട്ടുണ്ട്. മണ്ണാർക്കാട് താലൂക്ക് പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ സർക്കാർ ഹൈസ്‌കൂളിൽ 22 കുടുംബങ്ങളിലെ 50 പേരെയും പൊറ്റശ്ശേരി വില്ലേജ് ഒന്നിൽ പുളിക്കൽ ഗവൺമെന്റ് യു.പി സ്‌കൂളിൽ 29 കുടുംബങ്ങളിലെ 82 പേരെയും മാറ്റി പാർപ്പിച്ചു. ആലത്തൂർ താലൂക്ക് കിഴക്കഞ്ചേരി വില്ലേജ് രണ്ടിൽ ഓടൻതോട് സെന്റ് ജൂഡ് ചർച്ചിൽ നാല് കുടുംബങ്ങളിലെ എട്ട് പേരയും മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി, മൂലത്തറ റെഗുലേറ്റർ, തമിഴ്നാട്ടില ആളിയാർ ഡാമുകൾ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചു. ഇതേ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ ഒമ്പതോടെ തുറക്കും. മുക്കൈ പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
 ഭീതിയിൽ മലയോര ജനത
വടക്കഞ്ചേരി: ആലത്തൂർ താലൂക്കിലെ വിവിധ മലയോര മേഖലകളിലെ ജനങ്ങൾക്ക് റവന്യൂ അധികൃതർ ജാഗ്രതാ നിർദേശം നൽകി. കടപ്പാറ ഓടതോട്, ചൂരുപാറ, കവിളുപാറ, പാലക്കുഴി മലയോരങ്ങളിലെ കുടുംബങ്ങൾ മഴ ശക്തമായതോടെ ഭീതിയിലാണ്. കഴിഞ്ഞദിവസം തളികക്കല്ല് കോളനിക്ക് മുകളിലെ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇവിടെ മൂന്നു വീടുകളുടെ വശങ്ങളിൽ ശക്തമായ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വീട്ടുകാർ കോളനിയിലെ അങ്കണവാടിയിലേക്ക് താമസം മാറി. ആളപായമോ മറ്റു വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മംഗലം ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണം 70 സെന്റീമീറ്റർ വീതവും മൂന്ന് സ്പിൽവേ ഷട്ടറുകൾ 44 സെന്റീമീറ്റർ വീതവും തുറന്നിട്ടുണ്ട്. ഇതോടെ മംഗലം പുഴ കരകവിഞ്ഞു. പാളയം പുഴപ്പാലവും കരിപ്പാലിപുഴ പാലവും, മമ്പാട് പാലവും നിറഞ്ഞതിനാൽ ഇവിടെ ഗതാഗതം തടസപ്പെട്ടു.
 ആലാങ്കടവ് നിലമ്പതി പാലം കരകവിഞ്ഞു
ചിറ്റൂർ: ഇന്നലെ പുലർച്ചെ 4.30ഓടെ ആളിയാർ ഡാം തുറന്നു. ഡാമിന്റെ അഞ്ച് സ്പിൽവേ ഷട്ടറുകൾ 9 സെന്റീമീറ്റർ വീതമാണ് തുറന്നത്. സെക്കന്റിൽ 1170 ക്യൂസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ ചിറ്റൂർപ്പുഴയുടെ ഭാഗമായ ആലാങ്കടവ്, നിലമ്പതി പാലങ്ങൾ കരകവിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസപെട്ടു.
 റോഡ് തകർന്നു
മണ്ണാർക്കാട്: ശക്തമായ മഴയിൽ മൈലാമ്പാടം പൊതുവപ്പാടത്ത് റോഡ് തകർന്നു. പൊതുവപ്പാടം മരുതംക്കാട് ആദിവാസി കോളനി റോഡാണ് തകർന്നത്. 50 മീറ്ററോളം നീളത്തിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ്. കോൺക്രീറ്റ് ചെയ്താണ് റോഡ് നവീകരിച്ചിട്ടുള്ളത്. റോഡിന്റെ ഭിത്തിയും അഴുക്കുചാലുമെല്ലാം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം തകർന്ന അവസ്ഥയിലാണ്. ഇതോടെ ഈ വഴിയുള്ള ഗതാഗതം നിലച്ചു.