
ശ്രീകൃഷ്ണപുരം: മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞു നിറുത്തി യാത്രക്കാരായ മൂന്നു പേരെ മർദ്ദിച്ച് വാഹനം തട്ടിയെടുത്ത കേസിലെ പ്രതിയെ ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ കെ.എം ബിനീഷിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തൃശൂർ ഒമ്പതുങ്ങൽ വട്ടപറമ്പ് ബിനീതിനെയാണ് (കരിമണി- 32) തെളിവെടുപ്പിനായി എത്തിച്ചത്. കഞ്ചാവ് കേസിൽ തിരൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ മലമ്പുഴ ജയിലിൽ കഴിഞ്ഞു വരികയാണ്.
2021 മാർച്ച് 21ന് രാവിലെ 6.45ന് പാലക്കാട്- ചെർപ്പുള്ളശ്ശേരി പാതയിൽ തിരുവാഴിയോട് കണ്ണൻ സ്മാരക ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് മുഹമ്മദാലി, സുഹൃത്തുക്കളായ ചെമ്മലപ്പാറ യഹിയാസ്, കരിപറമ്പത്ത് നിസാർ എന്നിവർ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ പ്രതികൾ മറ്റൊരു വാഹനം നിറുത്തി തടയുകയായിരുന്നു.
കാറിലും മിനി ലോറിയിലുമാണ് പ്രതികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത കാർ മാർച്ച് 31ന് മായന്നൂരിൽ അക്വേഷ്യ എസ്റ്റേറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു.
മുപ്പതിനായിരം രൂപയും മൂന്നു മൊബൈൽ ഫോണുകളും കാറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് പരാതിയിലുള്ളത്. എന്നാൽ കാറിൽ മൂന്നു കോടി രൂപ കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനം തട്ടിയെടുത്തതെന്നും വാഹനത്തിൽ പണം ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ലെന്നുമാണ് അറസ്റ്റിലായ പ്രതി പൊലീസിനോട് പറഞ്ഞത്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കൂടി ചോദ്യം ചെയ്ത ശേഷമേ ഇത് സ്ഥിരീകരിക്കാനാകു എന്നും അന്വേഷണം തുടരുകയാണെന്നും ഇൻസ്‌പെക്ടർ കെ.എം. ബിനീഷ് അറിയിച്ചു. പ്രതികളിൽ ഒരാൾ മരിച്ചെന്നും മറ്റൊരാൾ കർണ്ണാടകയിലെ ജയിലിൽ ഉണ്ടെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. സീനിയർ സിവിൽ പൊലീസ് ഓഫീസർ ആർ. പ്രശാന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ആർ. സജീവ്, സി. അഷറഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.