crime
ക്രൈം

ഷൊർണൂർ: വാടാനാം കുറുശ്ശിയിലെ ക്വാറി ക്രഷർ വളപ്പിൽ നിന്ന് അപകടകരമാം വിധം അലക്ഷ്യമായി സൂക്ഷിച്ചിരുന്ന വൻ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ പൊലീസ് അന്വേഷണം മന്ദഗതിയിലെന്ന് വ്യാപക ആക്ഷേപം. ബുധനാഴ്ച ഉച്ചയോടെയാണ് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ക്വാറി വളപ്പിൽ ബണ്ടിലുകളിലും കടലാസ് പൊതികളിലുമായി പൊതിഞ്ഞ് വളപ്പിൽ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന 8100 ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് പിടികൂടിയത്. അളവിൽ കൂടുതൽ സ്‌ഫോടകവസ്തു അശ്രദ്ധമായി സൂക്ഷിച്ചത് നാട്ടുകാരിൽ വൻ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു വരികയാണെന്ന് ഷൊർണൂർ ഡിവൈ.എസ്.പി പറഞ്ഞു. എന്നാൽ, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ക്വാറി നടത്തിപ്പുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.