exhibhition

അലനല്ലൂർ: ജി.എൽ.പി.എസ് മൂച്ചിക്കലിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കർക്കടക മാസത്തിൽ ഉപയോഗിക്കുന്ന പത്തിലകളെക്കുറിച്ച് അറിയുക, ഭക്ഷ്യയോഗ്യമായ മറ്റ് ഇലകളെ പരിചയപ്പെടുക, ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുക, കുട്ടികളിൽ ഇലക്കറി ഉപയോഗ ശീലം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 'കറിപ്പച്ച' എന്ന പേരിൽ കറിയിലകളുടെ പ്രദർശനം സംഘടിപ്പിച്ചു.

ഓരോ ഇലയുടെ പേരും പ്രത്യേകതകളും സയൻസ് ക്ലബ് വളണ്ടിയർമാർ പ്രദർശനം കാണാനെത്തിയവർക്ക് വിശദീകരിച്ചു. തകര, മത്തൻ, കുമ്പളം, കഞ്ഞിത്തൂവ, വിവിധയിനം ചീരകൾ, തഴുതാമ, പയർ, കാന്താരിമുളക്, കോവൽ, ചായമൻസ, ചേന, ചീര, ചിരങ്ങ തുടങ്ങിയവയുടെ ഇലകൾ പാചകം ചെയ്ത് ഉച്ചഭക്ഷണത്തിന് വിളമ്പി.

പ്രധാനാദ്ധ്യാപകൻ പി.നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ സി.ജമീല, എൻ.അലി അക്ബർ, രമാദേവി എന്നിവർ സംസാരിച്ചു. പി.ജിഷ, സി.പി.വഹീദ, എ.നുസൈബ, എ.പി.സാലിഹ, പി.പ്രിയ, ഇ.പ്രിയങ്ക, സി.പി.മുഫീദ, കെ.ഷീബ എന്നിവർ നേതൃത്വം നൽകി.