
പാലക്കാട്: സംസ്ഥാനത്തേക്ക് അതിർത്തി ഗ്രാമങ്ങൾ വഴി റേഷനരി കടത്ത് വ്യാപകമാണെന്ന പരാതികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ സൂക്ഷിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു. പാലക്കാട്, ചിറ്റൂർ താലൂക്കുകളിൽ തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും താലൂക്കിലെ മറ്റു മേഖലകളിലും പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്. കൊടുമ്പ് പഞ്ചായത്ത് കനാൽ പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിൽ ആവശ്യമായ രേഖകളില്ലാതെയും കൃത്യമായ അളവോ തൂക്കമോ കൂടാതെയും സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പുമാണ് പിടികൂടിയത്.
189 ചാക്കുകളിൽ 9276 കിലോഗ്രാം പുഴുക്കലരിയും 72 ചാക്കുകളിൽ 3481 കിലോഗ്രാം പച്ചരിയും 33 ചാക്കുകളിൽ 1403 കിലോഗ്രാം മട്ടയരിയുമുൾപ്പെടെ 14,160 കിലോഗ്രാം അരിയും രണ്ട് ചാക്കുകളിലായി 80 കിലോഗ്രാം ഗോതമ്പുമുണ്ടായിരുന്നു. ഈ സ്ഥാപനത്തിന് പഞ്ചായത്ത് നൽകിയ ലൈസൻസ് കാലഹരണപ്പെട്ടു.
എഫ്.എസ്.എസ്.എ ലൈസൻസ് ഇല്ല. സ്റ്റോക്ക് രജിസ്റ്ററും പരിശോധനയിൽ കണ്ടെത്താനായില്ല. പിടിച്ചെടുത്ത സാധനങ്ങൾ ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടാകുന്നതുവരെ കഞ്ചിക്കോട് സപ്ലൈകോയുടെ എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റി. ഇവ പൊതുവിതരണ ശൃംഖല വഴി വിറ്റഴിച്ച് തുക സർക്കാരിലേക്ക് മുതൽ കെട്ടും. ജില്ലയിൽ വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകൾ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.