vallapuzha

ചെർപ്പുളശ്ശേരി: വല്ലപ്പുഴ ചൂരക്കോട് കണിയാർകുന്ന് റബ്ബർ എസ്റ്റേറ്റിലെ കെട്ടിടത്തിൽ മിഠായി നിർമ്മാണ യൂണിറ്റെന്ന മറവിൽ പ്രവർത്തിച്ചുവന്ന അനധികൃത പുകയില ഉത്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്‌‌സൈസ് ഇൻസ്‌പെക്ട്ടർ പി.ഹരീഷും സംഘവും പട്ടാമ്പി എസ്.ഐ സുഭാഷും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. മെഷിനറികളും 30 കിലോയോളം പുകയില ഉത്പന്നങ്ങളും പിടികൂടി. ഹാൻസ് എന്ന വ്യാജേന പുകയില ഉൽപന്നങ്ങൾ കൊണ്ടുവന്ന് മിക്സ് ചെയ്ത് പാക്കിംഗ് ഉൾപ്പടെ ഇവിടെ ചെയ്തിരുന്നു. ഉടമകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എക്‌‌സൈസ് അധികൃതർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.കെ.സൽമാൻ റസാലി, ഗ്രേഡ് പി.ഒ ദേവകുമാർ, സി.ഇ.ഒ എസ്.ദീപു, പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അജിത്, പാലക്കാട് എക്‌‌സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സി.രാജ്‌മോഹൻ, പട്ടാമ്പി എസ്.എസ്.ബിയിലെ എസ്.സി.പി.ഒ സുരേഷ് എന്നിവരും പങ്കെടുത്തു.