vijayan
അംഗപരിമിതനായ കിഴക്കഞ്ചേരി ചീരക്കുഴിയിലെ അബ്ദുള്ളയെ കാണാൻ മുൻ ഇന്ത്യൻ ഫുട്‌ബാൾ ക്യാപ്ടൻ ഐ.എം.വിജയൻ എത്തിയപ്പോൾ

വടക്കഞ്ചേരി: ജന്മനാൽ അംഗപരിമിതനായ കിഴക്കഞ്ചേരി ചീരക്കുഴിയിലെ അബ്ദുള്ളയെ കാണാൻ മുൻ ഇന്ത്യൻ ഫുട്‌ബാൾ ക്യാപ്ടൻ എത്തി. ജന്മനാൽ അംഗ പരിമിതനായ അബ്ദുള്ള വീൽചെയറിലാണ് ജീവിതം തള്ളി നീക്കുന്നത്. ഐ.എം. വിജയനെ കാണണമെന്ന ആഗ്രഹം അബ്ദുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിജയൻ കഴിഞ്ഞദിവസം അബ്ദുള്ളയെ കാണാനെത്തിയത്. ചീരക്കുഴിയിലെത്തിയ ഫുട്‌ബാൾ താരത്തെ നാട്ടുകാരും അബ്ദുള്ളയും ചേർന്ന് സ്വീകരിച്ചു. അബ്ദുള്ളയ്ക്ക് ഫുട്‌ബാളും, ജേഴ്സിയും ഐ.എം വിജയൻ സമ്മാനിച്ചു.

അബ്ദുള്ളയുടെ വീട്ടിൽ കുറച്ച് സമയം ചെലവഴിച്ച് സെൽഫിയുമെടുത്താണ് വിജയൻ മടങ്ങിയത്.

ടോം ജോസഫും കാണാനെത്തി

ചീരക്കുഴി അബ്ദുൾ കാദർ - ആസിയ ദമ്പതികളുടെ മകനായ അബ്ദുള്ളയ്ക്ക് എഴുന്നേറ്റ് നില്ക്കാൻ കഴിയില്ല. നല്ലൊരു കായികപ്രേമി കൂടിയായ ഈ യുവാവിന് വോളിബാളാണ് പ്രിയപ്പെട്ട വിനോദം. കഴിഞ്ഞ വർഷം നവംബറിൽ ഇന്ത്യൻ വോളിബാൾ താരം ടോം ജോസഫും അബ്ദുള്ളയെ കാണാൻ എത്തിയിരുന്നു. ഗായകൻ സലീംകോടത്തൂരിനെ കാണാനും ആൽബത്തിൽ അഭിനയിക്കണമെന്നുമാണ് ജീവിതത്തിലെ മറ്റൊരു ആഗ്രഹം. ഇതും സഫലമാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുള്ള.