onamkit
ഓണക്കിറ്റ്

പാലക്കാട്‌: വറുതികളില്ലാതെ സമൃദ്ധമായി ഓണമുണ്ണാൻ റേഷൻകടകൾ വഴി ഓണക്കിറ്റുകൾ ലഭ്യമാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്‌ സപ്ലൈകോ. പാലക്കാട്, ചിറ്റൂർ, ആലത്തൂർ, പട്ടാമ്പി, ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിൽ സാധനങ്ങളുടെ പായ്‌ക്കിംഗ് പുരോഗമിക്കുകയാണ്‌. 13 ഇനങ്ങളാണ്‌ കിറ്റിലുള്ളത്. പുറമെ തുണിസഞ്ചിയുമുണ്ട്‌. കിറ്റ്‌ ഒന്നിന്‌ 447 രൂപ വിലവരും. കാർഡിന്റെ മുൻഗണന അനുസരിച്ചാകും വിതരണം.

ജില്ലയിൽ 7,98,856 കുടുംബങ്ങൾക്കാണ്‌ ഇത്തവണ സർക്കാരിന്റെ ഓണക്കിറ്റ്‌ ലഭിക്കുക. ഓണത്തിന്‌ ഒരാഴ്ച മുമ്പ് കിറ്റ് വിതരണം ആരംഭിക്കും. ഇതുകൂടാതെ ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ 3,200രൂപ വീതം നൽകും. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പെൻഷനാണ്‌ നൽകുക. ജില്ലയിൽ 3.50 ലക്ഷം പേർക്ക്‌ സഹകരണസംഘങ്ങൾ മുഖേന നേരിട്ടും 1.80 ലക്ഷംപേർക്ക്‌ ബാങ്ക്‌ അക്കൗണ്ട്‌ വഴിയും ക്ഷേമപെൻഷൻ വിതരണം ചെയ്യും. 101 സഹകരണ സംഘങ്ങൾവഴി 1,700 ഏജന്റുമാരാണ്‌ പെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുക.

 ഓണം മേളകൾ 27ന്

സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണം മേളകൾ 27ന്‌ ആരംഭിക്കും. സെപ്‌റ്റംബർ ആറുവരെ നീളുന്ന മേളയിൽ വിവിധ വിൽപ്പന കേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കും. എല്ലാ നിയോജകമണ്ഡലത്തിലും സംസ്ഥാനത്തെ 500 സൂപ്പർ മാർക്കറ്റിലും സെപ്‌റ്റംബർ ഒന്നുമുതൽ ചന്തകൾ തുടങ്ങും. പച്ചക്കറി ഉൾപ്പെടെ ഇവിടെനിന്ന്‌ ലഭിക്കും. സപ്ലൈകോ 1000 - മുതൽ 1200 രൂപവരെ വിലയുള്ള പ്രത്യേക ഓണക്കിറ്റുകൾ വിൽക്കും. ഓരോ സൂപ്പർ മാർക്കറ്റിലും കുറഞ്ഞത് 250 കിറ്റ്‌ വിൽക്കും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നൽകും.

 ഓണക്കിറ്റിൽ

50 ​ഗ്രാം കശുവണ്ടിപ്പരിപ്പ്

50 മില്ലി നെയ്യ്

100 ​ഗ്രാം മുളക്പൊടി

100 ​ഗ്രാം മഞ്ഞൾപ്പൊടി

20 ​ഗ്രാം ഏലയ്ക്ക

500 മില്ലി വെളിച്ചെണ്ണ,

100 ​ഗ്രാം തേയില

100 ​ഗ്രാം ശർക്കര വരട്ടി

500 ​ഗ്രാം ഉണക്കലരി

1 കിലോ പഞ്ചസാര

500 ​ഗ്രാം ചെറുപയർ

250 ​ഗ്രാം തൂവരപരിപ്പ്,

1 കിലോ പൊടി ഉപ്പ്