പട്ടാമ്പി: തെക്കൻ റഷ്യ, കാസ്പിയൻ മേഖല, മധ്യേഷ്യ, മംഗോളിയ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന നെന്മണിക്കുരുവി തൃത്താലയിൽ വിരുന്നെത്തി. 'ഇസബെല്ലൻ വീറ്റ് ഇയർ' എന്ന് അറിയപ്പെടുന്ന നെന്മണിക്കുരുവിയെ, പാലക്കാട് ജില്ലയിൽ ഇതിനുമുമ്പ് ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ. മലമ്പുഴ കവ ഭാഗത്തെ ചേമ്പനയിലായിരുന്നു ഇത്.
ദേശാടനക്കാലത്ത് പൊതുവേ ഒറ്റയ്ക്കാണ് ഇവ കാണപ്പെടുക. പ്രജനനകാലത്ത് മണ്ണിലെ മാളങ്ങളിൽ കൂട് നിർമിക്കും. നാലുമുതൽ ആറുവരെ മുട്ടകൾ ഇടും. മഞ്ഞുകാലമാകുന്നതിനുമുമ്പ് ഇവ ജന്മനാട്ടിൽനിന്ന് ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും ദേശാടനം നടത്താറുണ്ട്.
കേരളത്തിൽ ഇവയെ കണ്ണൂരിലെ മാടായിപ്പാറ, തൃശൂർ കോൾനിലങ്ങൾ, മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങൾ, കാസർകോട്, വയനാട് എന്നിവിടങ്ങളിലായി മുപ്പതോളം തവണ കണ്ടിട്ടുള്ളതായി പക്ഷിനിരീക്ഷകരുടെ വെബ്‌സൈറ്റായ ഇബേർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് നടത്തിയ നിരീക്ഷണത്തിലാണ് ഇത്തവണ കണ്ടെത്തിയതും ചിത്രം പകർത്തിയതും.
നെന്മണിക്കുരുവികളിങ്ങനെ
നെന്മണിക്കുരുവികളിൽ ആൺ, പെൺ പക്ഷികൾ തമ്മിൽ രൂപത്തിൽ മാറ്റമില്ല.
ശരീരത്തിന് പൊതുവേ മങ്ങിയ മഞ്ഞ / ഇളം തവിട്ട്/ ചാര നിറം.
വാൽഭാഗത്തെ തൂവലുകൾ തവിട്ട്, കറുപ്പ് നിറത്തിൽ.
വയർ വെളുത്തനിറവും, കൊക്കും കാലുകളും കറുത്തവയും
നീളം 16.5 സെന്റി മീറ്റർ
ചെറു പ്രാണികളും കീടങ്ങളും ഭക്ഷണം.
തൃത്താല മേഖലയിലെ ചെങ്കൽകുന്നിൻ മുകളിൽ കണ്ടെത്തിയ നെന്മണിക്കുരുവി