bus-stand
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്

പാലക്കാട്: പൊളിച്ചിട്ട് നാലു വർഷമായിട്ടും പുനഃനിർമ്മിക്കാത്ത മുനിസിപ്പൽ ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് ദുരിതം മാത്രം നൽകുന്നു. മഴ കനത്തതോടെ മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ അവസ്ഥ വീണ്ടും പരിതാപകരമായി. നിലവിൽ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ബസുകൾ സ്റ്റാൻഡ് മാറ്റി സർവീസ് നടത്തുന്നത്. സ്റ്റാൻഡിലെ ശൗചാലയം കൂടി പൊളിച്ചതോടെയാണ് ബസ് ജീവനക്കാരും യാത്രക്കാരും ഒരു പോലെ ദുരിതത്തിലായത്. പിന്നീട് മഴ തിമിർത്ത് പെയ്തതോടെ യാത്രക്കാരെ ദുരിതം ഇരട്ടിയാക്കി. ഈ ബുദ്ധിമുട്ടുകളെല്ലാം കണക്കിലെടുത്താണ് ബസുകൾ സ്റ്റാൻഡ് മാറിയത്.
മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തിയിരുന്ന കോങ്ങാട്, പത്തിരിപ്പാല, ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം റൂട്ടിലോടുന്ന ബസുകളാണ് ഇതിനകം സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നും സർവീസ് തുടങ്ങിയത്. ബസുകളുടെ സ്റ്റാൻഡുമാറ്റം ഇപ്പോഴും ഭരണകൂടമറിഞ്ഞമട്ടില്ല. ഒരു വിഭാഗം ബസ് സംഘടനയുടെ നിർദ്ദേശത്തെത്തുടർന്നാണ് ബസുകൾ സ്റ്റാൻഡ് മാറ്റത്തിന് തയ്യാറായത്. എന്നാൽ സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നും സർവീസ് തുടങ്ങുന്ന ബസുകൾ തിരിച്ചുവരുമ്പോൾ താരേക്കാട് നിന്നും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പോയി തിരിച്ച് സുൽത്താൻപേട്ട സ്റ്റേഡിയത്തിലെത്തണമെന്ന ഉത്തരവും നടപ്പിലായില്ല. സ്റ്റേഡിയത്തിൽ നിന്നും പുറപ്പെടുന്ന ബസുകളാകട്ടെ മണലി ബൈപാസ് വഴി ശേഖരിപുരത്തെത്തിയതാണ് യാത്രക്കാർക്ക് ദുരിതമായത്. ബസുകളുടെ സ്റ്റാൻഡ് മാറ്റമറിയാതെ മൃഗാശുപത്രി, താരേക്കാട്, പി.എം.ജി സ്‌കൂൾ എന്നിവിടങ്ങളിൽ കാത്തുനിൽക്കുന്നവരും വെട്ടിലാകുന്നു. കുത്തനൂർ, തോലനൂർ റൂട്ടുകളിലോടുന്ന ബസുകൾ, കമ്പ വള്ളിക്കോട് റൂട്ടിലോടുന്ന ബസുകളുമെല്ലാം പഴയ രീതിയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുകയാണ്. സ്റ്റാൻഡ് ഫീ നൽകി പ്രവേശിപ്പിക്കുന്ന ബസുകൾക്ക് മതിയായ സൗകര്യം ഒരുക്കിനൽകണമെന്നാണ് ബസുടമകളുടെ ആവശ്യം. ശുചിമുറിപോലും ഇല്ലാത്ത സ്റ്റാൻഡിൽ എന്തിന് ബസ് കയറ്റണം എന്നാണ് ഇവരുടെ ചോദ്യം. ഇതൊക്കെയാണ് മുനിസിപ്പൽ സ്റ്റാൻഡിൽ എത്തുന്ന ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിലേക്ക് മാറ്റാനുള്ള തീരുമാനത്തിനും ഇടയാക്കിയത്.


ബസുകൾ ഓണത്തിനോടനുബന്ധിച്ച് സ്റ്റാൻഡിലെത്തും
ഓണത്തോടെ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് ബസ് സർവീസ് പുനഃസ്ഥാപിക്കാനാണ് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനം. ഓണംവരെ നിലവിലെ സംവിധാനം തുടർന്ന് ശേഷം മുനിസിപ്പൽ സ്റ്റാൻഡിലേക്ക് സർവീസ് മാറ്റും.


നിലവിൽ ജില്ലയിലെ സ്വകാര്യ സ്റ്റേറ്റ് കാരിയേജ് ബസുകളിൽ ഭൂരിഭാഗവും പെർമിന്റ് വ്യവസ്ഥകൾ ലംഘിച്ചാണ് സർവീസ് നടത്തുന്നത്. ഇത്തരം 69 ബസുകളുടെ നമ്പർ അടക്കമുള്ള വിവരം ആർ.ടി.ഒയ്ക്ക് നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉടനടി പുനഃനിർമ്മിക്കണമെന്നാവശ്യപ്പെട്ട് 86 ദിവസം പിന്നിടുന്ന നാഷണൽ ജനതാദളിന്റെ സത്യഗ്രഹം കൃത്യമായ നടപടി സ്വീകരിക്കാത്ത പക്ഷം അവസാനിപ്പിക്കില്ല. മോട്ടോർ വാഹന വകുപ്പിനെതിരെയും കഴിഞ്ഞ ദിവസം സമരപരിപാടി ആരംഭിച്ചിട്ടുണ്ട്.

- ജോൺ ജോൺ,

സംസ്ഥാന പ്രസിഡന്റ്, നാഷണൽ ജനതാദൾ.