
ചെർപ്പുളശ്ശേരി: നെല്ലായ-വല്ലപ്പുഴ പഞ്ചായത്തുകളിലെ ജനങ്ങളെ ബാധിക്കുന്ന പൊട്ടച്ചിറ പൊൻമുഖം മലയിലെ കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. ക്വാറിയുടെ പ്രവർത്തനം നിറുത്തണമെന്നാവശ്യപ്പെട്ട് മലയിലേക്ക് ജനകീയ മാർച്ച് നടത്തി.
വല്ലപ്പുഴ യുവപ്രതിഭാ ക്ലബ്ബിന്റെയും പൊട്ടച്ചിറ പൊൻമുഖം മല സംരക്ഷണ സമിതിയുടേയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെല്ലായ-വല്ലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മലയടിവാരത്തെ നൂറു കണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തു. മാർച്ച് മലയടിവാരത്തെ ഗേറ്റിൽ പൊലീസ് തടഞ്ഞു. വല്ലപ്പുഴ പഞ്ചായത്തംഗം സി.കെ. ബാബു, നെല്ലായ പഞ്ചായത്ത് അംഗങ്ങളായ എ. രാമകൃഷ്ണൻ, മാടാല മുഹമ്മദലി എന്നിവരും കെ.സി. നാസർ, വീരാൻ കുട്ടി, യുവപ്രതിഭാ കബ് പ്രസിഡന്റ് അബൂട്ടി, സെക്രട്ടറി അലിമോൻ, ട്രഷറർ, ഹംസ എന്നിവർ നേതൃത്വം നൽകി. എന്തു വില കൊടുത്തും ക്വാറിയുടെ പ്രവർത്തനം തടയുമെന്നും വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.