
പാലക്കാട്: 75-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പോസ്റ്റ് ഓഫീസുകളിൽ നിന്ന് ദേശീയ പതാകകൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നു. സ്വാതന്ത്ര്യദിനമായതിനാൽ പൊതുജനങ്ങൾ 13, 14, 15 തിയതികളിൽ വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങൾക്ക് ദേശീയപതാക എളുപ്പത്തിൽ ലഭിക്കുന്നതിനായി ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ മാസം ഒന്ന് മുതലാണ് എല്ലാ പോസ്റ്റ് ഓഫീസുകളിലും ദേശീയപതാക വില്പന ആരംഭിച്ചത്. പാലക്കാട് ജില്ലയിലെ ഇ പോസ്റ്റ് ഓഫീസുകൾ വഴി ബുധനാഴ്ച വരെ വിറ്റഴിഞ്ഞത് 27800 ദേശീയ പതാകകളാണ്. ഇതിൽ പാലക്കാട് ഡിവിഷനിൽ നിന്ന് 14900 പതാകകളും ഒറ്റപ്പാലം ഡിവിഷനിൽ നിന്ന് 12900 പതാകകളും വിറ്റഴിഞ്ഞു. 25 രൂപയാണ് ഒരു ദേശീയപതാകയുടെ വില. ഒരാൾക്ക് പരമാവധി 5 ദേശീയ പതാക വരെ വാങ്ങാനാകും.
ദേശീയ പതാക പോസ്റ്റൽ വകുപ്പിന്റെ ഓൺലൈനിലൂടെ ഇപ്പോഴും ലഭ്യമാണ്. ഇപോസ്റ്റ് ഓഫീസിന്റെ പോർട്ടലായ www.indiapost.gov.in ൽ പ്രദർശിപ്പിച്ചിരിക്കുന്ന സൈഡുകളിൽ 'ഹർ ഖർ തിരങ്ക' സൈഡിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുറമെയുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോകുന്നതെന്ന സന്ദേശം കാണാം. പ്രൊസീഡ് ചെയ്യാനായി 'ഒകെ ക്ലിക്ക് ചെയ്താൽ ദേശീയ പതാക വിൽക്കുന്ന പേജിലേക്ക് എത്താനാകും. നേരിട്ട് ആ പേജിൽ എത്താൻ താത്പര്യമുള്ളവർക്ക് https://bit.ly/3JyI5fk ഈ ലിങ്ക് പ്രയോജനപ്പെടുത്താം.
ഓർഡർ നൽകിയാൽ ക്യാൻസൽ ചെയ്യാനാവില്ല
ദേശീയ പതാക പോസ്റ്റ് ഓഫീസ് വഴി ഓർഡർ ചെയ്താൽ ക്യാൻസൽ ചെയ്യാനാവില്ല. അതേസമയം പോസ്റ്റ് ഓഫീസ് ഡെലിവറി ചാർജോ, ജി.എസ്.ടിയോ അധികമായി ചാർജ് ചെയ്യാതെ ദേശീയ പതാക എത്തിച്ചു നൽകും. ഏത് അഡ്രസിലാണ് പതാക ലഭിക്കേണ്ടത് എന്ന കാര്യവും അപേക്ഷകന്റെ മൊബൈൽ നമ്പറും നൽകണം.