 
മുണ്ടൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുത്ത 75 സ്‌കൂളുകളിൽ ഒരു വർഷ കാലയളവിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി മുണ്ടൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ക്വിസ് മത്സരവും സെമിനാറും നടത്തി. കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 'സ്വാതന്ത്ര്യ സമരവും ഗാന്ധിജിയും' എന്ന വിഷയത്തിൽ ബാല ജന ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ എ. ഗോപിനാഥൻ ക്ലാസെടുത്തു. എം.ഇ.എസ് സ്‌കൂൾ പ്രിൻസിപ്പൽ റിന്യൂഷഫൈസൽ, എൽ. ഗംഗ എന്നിവർ സംസാരിച്ചു.