hospital
ആശുപത്രി

ആലത്തൂർ: ആലത്തൂർ താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ഡയാലിസിസ് സെന്റർ ആൻഡ് ഐ.സി.യു യൂണിറ്റിന്റെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5:30ന് മന്ത്രി വീണ ജോർജ്ജ് നിർവഹിക്കും. സംസ്ഥാനത്തെ 44 ആശുപത്രികളിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാൻ തീരുമാനിച്ചതിലെ ഒന്നാണ് ആലത്തൂർ താലൂക്ക് ആശുപത്രി. ചടങ്ങിൽ കെ.ഡി. പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനാകും. പി.പി. സുമോദ് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു തുടങ്ങിയവർ സംസാരിക്കും.
കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന ആശുപത്രിയിൽ അഞ്ച് ഡയാലിസിസ് കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. സിവിൽ വർക്കുകൾ പൂർത്തിയാക്കി. കെ.എം.എസ്.സി.എൽ ഉപകരണങ്ങളും ആശുപത്രിയിൽ സ്ഥാപിച്ചു. യൂണിറ്റിലേക്കുള്ള ജനറേറ്റർ വിതരണവും പൂർത്തിയായതോടെയാണ് യൂണിറ്റ് ഉദ്ഘാടനത്തിനൊരുങ്ങിയത്.